
തിരുവനന്തപുരം: അടുത്ത മാസം മുതല്‍ ഗഡുക്കളായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കൂടി പിടിക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറിയേക്കും. ജിഎസ്ടി നഷ്ടപരിഹാരത്തിനു കേന്ദ്രം മുന്നോട്ടുവച്ച കടമെടുപ്പു നിര്‍ദേശം സംസ്ഥാനം അംഗീകരിച്ചാല്‍ 8000 കോടി രൂപ കൂടി അധികം കടമെടുക്കാനാകും. കേന്ദ്ര നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിനു പിടിച്ചു നില്‍ക്കാനാകില്ല. അതിനാല്‍ കടമെടുപ്പിലേക്കു പോകാന്‍ തന്നെയാണു നീക്കം.
8000 കോടി കിട്ടിയാല്‍ സാലറി കട്ട് ഒഴിവാക്കാം. ഒരു മാസത്തെ ശമ്പളം പിടിക്കുക വഴി സാമ്പത്തിക പ്രതിസന്ധിക്കിടെ 2600 കോടിയോളം രൂപയുടെ ചെലവ് തല്‍ക്കാലം ഒഴിവാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ പിടിച്ച ഒരു മാസത്തെ ശമ്പളം അടുത്ത ഏപ്രിലില്‍ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
പിഎഫ് ഇല്ലാത്തവര്‍ക്ക് ഏപ്രിലില്‍ അക്കൗണ്ടിലേക്കു പണമായി തിരികെ നല്‍കാനും തീരുമാനിച്ചിരുന്നു. പിടിച്ച ശമ്പളം മടക്കി നല്‍കുന്നതും ഇനി പിടിക്കുന്നതും എങ്ങനെ വേണമെന്നു തീരുമാനിക്കാന്‍ സംഘടനകളുമായി ചര്‍ച്ചയ്ക്കും മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. അന്തിമ ചര്‍ച്ച നടക്കാത്തതിനാല്‍ ആശയക്കുഴപ്പം ബാക്കിയാണ്.