ലോക്ക്ഡൗണ്‍ കാലയളവിലെ ശമ്പളം: തൊഴിലുടമകളും തൊഴിലാളികളും ചര്‍ച്ച ചെയണം

July 13, 2020 |
|
News

                  ലോക്ക്ഡൗണ്‍ കാലയളവിലെ ശമ്പളം: തൊഴിലുടമകളും തൊഴിലാളികളും ചര്‍ച്ച ചെയണം

ലോക്ഡൗണ്‍ കാലയളവില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കു മുഴുവന്‍ വേതനവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് 23, 24, 26 തീയതികളിലായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടറും ലേബര്‍ കമ്മിഷണറും വെവ്വേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അത്തരം ഉത്തരവുകളനുസരിച്ച്, ജോലിക്കു നിയോഗിക്കപ്പെടാത്ത ആകസ്മിക ജീവനക്കാര്‍ക്കു പോലും ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ വേതനം നല്‍കേണ്ടതുണ്ട്.

ജീവനക്കാരെ പിരിച്ചുവിടരുത്, ലേഓഫ്, ലോക്കൗട്ട് എന്നിവ പ്രഖ്യാപിക്കരുത് എന്നു തുടങ്ങിയ നിര്‍ദേശങ്ങളും അത്തരം ഉത്തരവുകളില്‍ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മാര്‍ച്ച് 29ന് സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ലോക്ഡൗണ്‍ കാലയളവില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിച്ച സ്ഥാപനങ്ങളില്‍ ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കു പോലും മുഴുവന്‍ വേതനവും നല്‍കണമെന്ന് അത്തരം ഉത്തരവുകള്‍ നിഷ്‌കര്‍ഷിച്ചിരുന്നു.

ഈ ഉത്തരവുകളുടെ നിയമസാധുത ചോദ്യം ചെയ്ത് തൊഴിലുടമാ സംഘടനകള്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികള്‍ നല്‍കി. ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് വിവിധ തൊഴിലാളി സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ജൂണ്‍ 12നു സുപ്രീം കോടതി ഒരിടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട് എന്നു നിരീക്ഷിച്ച സുപ്രീം കോടതി ഇരുഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നു വ്യക്തമാക്കി. ഒരു സ്ഥാപനത്തിനും ജീവനക്കാരുടെ സഹകരണം ഇല്ലാതെയും മറിച്ചും നിലനില്‍ക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി, ലോക്ഡൗണ്‍ കാലയളവിലെ വേതനം സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയാറുള്ള തൊഴിലുടമകള്‍ അതു ചെയ്യണമെന്നു നിര്‍ദേശിച്ചു.

അത്തരം ചര്‍ച്ചകളില്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതെ വന്നാല്‍ ലേബര്‍ വകുപ്പിലെ ബന്ധപ്പെട്ട അനുരഞ്ജന ഓഫിസര്‍മാരുടെ ഇടപെടല്‍ ആവശ്യപ്പെടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അത്തരം ചര്‍ച്ചകളില്‍ ധാരണ ഉണ്ടാകുന്നപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഇല്ല എന്നു കരുതിത്തന്നെ ധാരണപ്രകാരമുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാവുന്നതാണ് എന്നും ഉത്തരവിലുണ്ട്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍, തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവര്‍ക്ക്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറിപ്പ് ജൂണ്‍ 29ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved