സാംസങ് സാമ്രാജ്യത്തിന്റെ തലവന്‍ ലീ കുന്‍-ഹീ വിട വാങ്ങുമ്പോള്‍

October 27, 2020 |
|
News

                  സാംസങ് സാമ്രാജ്യത്തിന്റെ തലവന്‍ ലീ കുന്‍-ഹീ വിട വാങ്ങുമ്പോള്‍

സാംസങ് എന്ന ലോകപ്രസിദ്ധ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിരുന്ന ലീ കുന്‍-ഹീ എന്ന 78-കാരന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. അതോടെ തിരശീല വീണിരിക്കുന്നത് അപാരമായ ബിസിനസ് ബുദ്ധികൊണ്ട് ലോകത്തെ അതിശയിപ്പിച്ച, അതേ സമയം നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി ഏറെ പൊല്ലാപ്പ് പിടിച്ച ഒരു ബിസിനസുകാരനാണ് ഇദ്ദേഹം. എണ്‍പതുകളില്‍ മീനും പച്ചക്കറിയും മാത്രം കയറ്റിറക്കുമതി ചെയ്തുകൊണ്ടുതന്നെ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ടൈക്കൂണുകളില്‍ ഒരാളായി മാറിക്കഴിഞ്ഞിരുന്ന തന്റെ അച്ഛനില്‍ നിന്ന് ബിസിനസ് ഏറ്റെടുത്ത ലീ കുന്‍-ഹീ പക്ഷേ, സാംസങിന്റെ ബിസിനസ്സുകളെ അതില്‍ നിന്നൊക്കെ ഏറെ മുന്നോട്ട് കൊണ്ടുപോയി.

ലീ കുന്‍-ഹീയുടെ അച്ഛന്‍ ലീ ബ്യുങ് ചൂല്‍ ആണ് തന്റെ വ്യാപാര സ്ഥാപനത്തിന് സാംസങ് എന്ന് പേരിടുന്നത്. കൊറിയന്‍ ഭാഷയില്‍ സാം എന്ന വാക്കിനര്‍ത്ഥം മൂന്ന് എന്നാണ്. സങ്  എന്നവാക്കിന്റെ അര്‍ഥം നക്ഷത്രമെന്നും. ട്രൈസ്റ്റാര്‍ ചിഹ്നം ആയിരുന്നു കമ്പനിയുടെ അന്നത്തെ കൊറിയന്‍ ലോഗോ. വിപുലം, അസംഖ്യം, സുശക്തം എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് ഈ ത്രീ സ്റ്റാര്‍ സങ്കല്പത്തിലൂടെ ലീ ബ്യുങ് ചൂല്‍ മുന്നോട്ട് വെച്ചിരുന്നത്. 1938 -ല്‍, ലോഞ്ച് ചെയ്യുമ്പോള്‍ ആകെ വെറും നാല്‍പതു പേര്‍ മാത്രം ജീവനക്കാരായി ഉണ്ടായിരുന്ന ആ ചെറു സ്ഥാപനത്തിന്, ഇങ്ങനെ ഒരു സ്ലോഗന്‍ അധികപ്പറ്റല്ലേ എന്നുപോലും പലരും സംശയം പ്രകടിപ്പിച്ചു അന്ന്. ആദ്യമായി സാംസങ് ഉണ്ടാക്കിയ ഉത്പന്നം ന്യൂഡില്‍സ് ആയിരുന്നു. പിന്നീടങ്ങോട്ട് വേറെ പല ഉത്പന്നങ്ങളിലേക്കും സാംസങ് തങ്ങളുടെ കച്ചവടം വ്യാപിപ്പിച്ചു.

ഇന്ന് സാംസങ്  ഇലക്ട്രോണിക്‌സ് ചിപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, കണ്‍സ്ട്രക്ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, കെമിക്കല്‍സ് തുടങ്ങി കൈവെക്കാത്ത മേഖലകളില്ല. മൊബൈല്‍ ഫോണ്‍ ഇന്‍ഡസ്ട്രിയുടെ നിറുകയില്‍ നില്‍ക്കുന്ന സാംസങ് തന്നെയാണ്, ആപ്പിള്‍ അടക്കമുള്ള പല മൊബൈല്‍ കമ്പനികളുടെ ഫോണുകളിലെ ചിപ്പുകള്‍ ഉണ്ടാക്കുന്നതും. ഈ ഒരൊറ്റ കുടക്കീഴില്‍ ഇന്ന് 59 അണ്‍ലിസ്റ്റഡ് സ്ഥാപനങ്ങളും 19 ലിസ്റ്റഡ് സ്ഥാപനങ്ങളുമുണ്ട്. കെട്ടിടനിര്‍മാണം മുതല്‍ സാമ്പത്തികോപദേശം വരെയുള്ള സേവനങ്ങള്‍ ഇന്ന് സാംസങ് വിപണിയില്‍ നല്‍കിവരുന്നുണ്ട്. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളില്‍ ഒന്നായ 2,722 അടി ഉയരമുള്ള ദുബായ് ബുര്‍ജ് ഖലീഫ നിര്‍മിച്ചത് സാംസങ് ആണ്.  ലോകത്തെമ്പാടുമുള്ള തങ്ങളുടെ സ്ഥാപനങ്ങളിലായി സാംസങ് ആകെ തൊഴില്‍ നല്‍കുന്നത് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ്.

ദക്ഷിണ കൊറിയയുടെ ജിഡിപിയെ വരെ നിര്‍ണയിക്കുന്ന ഒന്നായി സാംസങ് കമ്പനി മാറിക്കഴിഞ്ഞു. ജിഡിപിയുടെ 15 ശതമാനത്തോളം വരും സാംസങില്‍ നിന്നുള്ള സംഭാവന. കൊറിയന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഇരുപതു ശതമാനം ഓഹരികളും സാംസങിന്റെ തന്നെയാണ്. വിശിഷ്യാ സാംസങ് ഇലക്ട്രോണിക്‌സിന്റെ. ഇലക്ട്രോണിക്‌സ് രംഗത്തേക്കുള്ള സാംസങിന്റെ രംഗപ്രവേശമുണ്ടാകുന്നത് 1970 -ല്‍ അവര്‍ നിര്‍മിച്ച കളര്‍ ടെലിവിഷന്റെ ലോഞ്ചിങ്ങോടെ ആണ്. വരും വര്‍ഷങ്ങളില്‍ അവര്‍ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ R & D രംഗത്ത് സാംസങ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തി.  ആ നിക്ഷേപങ്ങളില്‍ നിന്നായി കാര്യമായ റിട്ടേണ്‍സും കിട്ടി അവര്‍ക്ക്. 1986 -ല്‍, കാറില്‍ ഘടിപ്പിക്കാവുന്ന ഒരു ഫോണ്‍ അവര്‍ ലോഞ്ച് ചെയ്തെങ്കിലും അത് വിപണിയില്‍ പരാജയപ്പെട്ടു.

മൂന്നു തവണ ലോഗോ മാറ്റിയിട്ടുണ്ട് സാംസങ്. ഏറ്റവും ഒടുവില്‍ 2005 -ല്‍ സ്വീകരിച്ച ലോഗോയില്‍ ഉറപ്പിക്കുകയാണ് ഉണ്ടായത്. 1995 -ല്‍  ലീ തന്റെ ജീവനക്കാരോട് പറഞ്ഞ ഒരു വാചകം ഏറെ പ്രസിദ്ധമാണ്, ' നമുക്ക്, ഇപ്പോഴുള്ളതില്‍ നമ്മുടെ ഭാര്യയും മക്കളും ഒഴികെ മറ്റെല്ലാം മാറ്റി പുതിയത് കൊണ്ടുവരണം...' ആ വര്‍ഷം, സാംസങിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു സമയമാണ്. അക്കൊല്ലം, തന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരക്കുറവില്‍ ക്ഷുഭിതനായ ലീ കുന്‍ ഹീ, 50 മില്യണ്‍ ഡോളര്‍ വില മതിപ്പുള്ള മൊബൈല്‍ ഫോണുകള്‍, ഫാക്‌സ് മെഷീനുകള്‍, ടെലിവിഷനുകള്‍ എന്നിവ ഒരു മൈതാനത്ത് നിരത്തി, രണ്ടായിരത്തോളം ജീവനക്കാരെ സാക്ഷി നിര്‍ത്തി അവയെല്ലാം കൂടം കൊണ്ട് അടിച്ചു തകര്‍ത്തു. ഈ ഷോക്ക് ട്രീട്‌മെന്റിന് ശേഷമാണ് സാംസങ് ഗുണനിലവാരം എന്നത് പ്രാഥമിക പരിഗണനയായി കണ്ടുകൊണ്ടുള്ള, ഒരു പുതുപുത്തന്‍ മാനേജ്മെന്റ് യുഗത്തിലേക്ക് പിച്ചവെക്കുന്നത്. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ലീയുടെ ഈ ഞെട്ടിക്കലിന്റെ, തുടര്‍ന്ന് നടത്തിയ ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റിന്റെ ഗുണഫലങ്ങള്‍ കാണായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരസ്ഥാപനങ്ങളില്‍ ഒന്നായി സാംസങ് വളര്‍ന്നു.  

ഇലക്ട്രോണിക്‌സ് രംഗത്തെ പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തത് സാംസങിന്റെ ഗവേഷകര്‍ ചേര്‍ന്നാണ്. ഉദാ. ലോകത്തിലെ ആദ്യത്തെ CDMA ഫോണ്‍ വികസിപ്പിക്കുന്നത് സാംസങ് ഇലക്ട്രോണിക്‌സ് ആണ്. SCH100 എന്നാണ് ഈ ഫോണ്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ജിഎസ്എം എന്ന കുറേക്കൂടി മെച്ചപ്പെട്ട ടെക്നോളജി വന്ന്, മൊബൈല്‍ ഫോണുകള്‍ എല്ലാം തന്നെ അങ്ങോട്ട് കളം മാറ്റിച്ചവിട്ടി എങ്കിലും, ഇറങ്ങിയ കാലത്ത് സാംസങ്  SCH100 ന്റെ പ്രൗഢി ഒന്ന് വേറെത്തന്നെ ആയിരുന്നു. അതുപോലെ, 1999 -ല്‍, ലോകത്തിലാദ്യമായി ഒരു വാച്ച് ഫോണ്‍ വികസിപ്പിച്ചെടുക്കുന്നത് സാംസങ് ആണ്. Samsung SPH-WP10 എന്നാണ് ഈ ഉത്പന്നം വിപണിയില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട്, 2001 -ല്‍, അമേരിക്കന്‍ വിപണിയില്‍ ആദ്യമായി ഒരു കളര്‍ ഡിസ്പ്‌ളേ PDA ഫോണ്‍ ഇറക്കുന്നത് സാംസങ് ആണ്.  SPH_i300 എന്ന് വിപണിയില്‍ അറിയപ്പെട്ടിരുന്ന ഈ ഫോണ്‍, Palm-OS-ല്‍, സ്പ്രിന്റ് നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്നു. സാധാരണ PDA ചെയ്തിരുന്ന ജോലികള്‍ക്ക് പുറമെ, ഫോണ്‍ വിളിക്കാനും പറ്റുന്ന ഈ ഗാഡ്ജറ്റ് അന്നത്തെ സമ്പന്നരുടെ ഒരു പ്രിയ 'ഷോ ഓഫ്' ആയിരുന്നു.  

സാംസങിന്റെ ഏറ്റവും വില്പന നടന്ന ഫോണ്‍ 2009 -ല്‍ അവര്‍ ലോഞ്ച് ചെയ്ത ബേസിക് ഫോണ്‍ ആയ  E1110 ആയിരുന്നു. ഈ ഫോണ്‍ പുറത്തിറക്കിയ മൂന്നേ മൂന്നു വര്‍ഷം സാംസങ് വിറ്റഴിച്ചത് ഇതിന്റെ 15 കോടി സെറ്റുകളാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും സാംസങിന് കാര്യമായ ഹോള്‍ഡ് ഉണ്ടായിരുന്നു. സാംസങ് ഗാലക്സി ട4 എന്ന സ്മാര്‍ട്ട് ഫോണ്‍ എട്ടു കോടി സെറ്റുകള്‍ വിറ്റുപോയി.

സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശകളില്‍ ഒന്ന് 2005 -ല്‍, തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ആയ 'ആന്‍ഡ്രോയിഡ്'മായി ആന്‍ഡി റൂബിനും സംഘവും ആദ്യം ചെന്നത് ദക്ഷിണ കൊറിയയിലേക്കാണ്. അവിടെ ഇരുപതു പേരടങ്ങുന്ന സാംസങ് സംഘത്തിന് മുന്നിലാണ് അവര്‍ ആദ്യമായി തങ്ങളുടെ ബിസിനസ് പ്രൊപ്പോസല്‍ വെച്ചതും, ഏറ്റെടുക്കാമോ എന്ന് ചോദിച്ചതും. എന്നാല്‍, അന്ന് തികച്ചും അപ്രശസ്തരായിരുന്ന, തീരെ ചെറിയ ഒരു സ്റ്റാര്‍ട്ട് അപ്പ് സംരംഭം മാത്രമായിരുന്ന ആന്‍ഡ്രോയിഡിന്റെ ടീമിനെ പരിഹസിച്ച് ഇറക്കി വിട്ടു സാംസങ്. രണ്ടാഴ്ചക്കു ശേഷം ആന്‍ഡിയും സംഘവും ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ച് അതേ ഓഫര്‍ അവര്‍ക്കു മുന്നിലും വെച്ചു. അന്ന് വെറും 50 മില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡിനെ ഏറ്റെടുക്കുന്നത്. ഗൂഗിളും ആന്‍ഡ്രോയിഡും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് സിസ്റ്റം 2008 ഒക്ടോബറില്‍ റിലീസ് ചെയ്തതും, അത് പിന്നീട് സാംസങ് ഫോണുകളുടെ പോലും അവിഭാജ്യ ഘടകമായി മാറിയതും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ്.  അന്ന്, ആ അബദ്ധം പറ്റിയില്ലായിരുന്നു എങ്കില്‍, ആന്‍ഡ്രോയിഡുകാരെ പുച്ഛിച്ച് ഇറക്കി വിട്ടില്ലായിരുന്നു എങ്കില്‍, ഒരു പക്ഷെ ഇന്ന് ഗൂഗിളിനേക്കാള്‍ എത്രയോ മുന്നില്‍ ആയിരുന്നേനെ സാംസങ്.

ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ 21 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയാണ്. രണ്ടാം ലോകമഹായുദ്ധത്തിനും, പിന്നീട് ഉത്തര കൊറിയയുമായി നടന്ന യുദ്ധത്തിനും ശേഷം  ദക്ഷിണ കൊറിയ എന്ന രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ച ലീയെ ചുറ്റിപ്പറ്റി വിവാദങ്ങളും എമ്പാടും ഉണ്ടായിരുന്നു. പ്രസിഡന്റ് റോ ടെ വൂനെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്ന കുറ്റാരോപണങ്ങള്‍ ഉണ്ടായപ്പോള്‍ 2008 -ല്‍ സാംസങ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിറങ്ങിപ്പോകേണ്ടി വന്നിരുന്നു ലീക്ക്. ആ കുറ്റങ്ങളുടെ പേരില്‍ കോടതി ലീക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിക്കയുണ്ടായി. 2009 -ല്‍ ആ കേസില്‍ ലീക്ക് മാപ്പുനല്‍കാനുള്ള രാഷ്ട്രീയ തീരുമാനമുണ്ടായി. 2010 -ല്‍ ലീ സാംസങിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരികെ വരികയും ചെയ്തു.

2014 -ല്‍ വന്ന ഒരു ഹൃദയാഘാതം ലീയെ ശയ്യാവലംബിയായി മാറ്റിയിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തുതന്നെ മാധ്യമങ്ങളോട് വളരെ കുറച്ചുമാത്രം സംസാരിച്ചിരുന്ന ലീ കുന്‍-ഹീ, അറിയപ്പെട്ടിരുന്നത് 'രാജര്‍ഷി'(ഒലൃാശ േഗശിഴ) എന്ന വിളിപ്പേരിലായിരുന്നു. ലീ കുന്‍-ഹീ എന്ന ഈ സാംസങ് മേധാവിയുടെ മരണത്തോടെ അസ്തമിക്കുന്നത് ദക്ഷിണ കൊറിയയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളില്‍ ഒന്നാണ്.

Related Articles

© 2025 Financial Views. All Rights Reserved