
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫി ഇന്ത്യയുടെ ന്യൂട്രാസ്യൂട്ടിക്കല്‍സ് ബിസിനസ്സ് യൂണിവേഴ്‌സല്‍ ന്യൂട്രിസയന്‍സിന് 587 കോടി രൂപയ്ക്ക് വില്‍ക്കുന്നു. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് അനുമതി നല്‍കിയതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു. പ്രഖ്യാപനത്തിനുശേഷം ബുധനാഴ്ച സനോഫി ഇന്ത്യയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 3 ശതമാനം ഉയര്‍ന്ന് 8,159 രൂപയിലെത്തി.
ബിസിനസ് ട്രാന്‍സ്ഫര്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി അടുത്ത 3 മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് കമ്പനി അറിയിച്ചു. 16 ബ്രാന്‍ഡുകളും 30 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളും (എസ്‌കെയു) സനോഫിയുടെ ന്യൂട്രാസ്യൂട്ടിക്കല്‍സ് ബിസിനസില്‍ ഉള്‍പ്പെടുന്നു.
ഈ ഏറ്റെടുക്കലിലൂടെ കരാറുകള്‍, ബൗദ്ധിക സ്വത്തവകാശം, ഇന്‍വെന്ററി എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ ബിസിനസ്സ് ആസ്തികളും ബാധ്യതകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും യൂണിവേഴ്‌സല്‍ ന്യൂട്രിസയന്‍സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറും. ന്യൂട്രാസ്യൂട്ടിക്കല്‍സ് ബിസിനസ്സിനെയും അതുമായി ബന്ധപ്പെട്ട ആളുകളെയും ഏറ്റെടുക്കുന്നതിലൂടെ കമ്പനിയ്ക്ക് ഗണ്യമായ നേട്ടമുണ്ടാക്കാന്‍ കഴിയും. നിക്ഷേപം നടത്താനും അതിന്റെ തന്ത്രപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിയെ സഹായിക്കുമെന്ന് സനോഫി ഇന്ത്യ പറഞ്ഞു.