
റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച് സൗദി എയര്‍ലൈന്‍സ്. ആദ്യഘട്ട സര്‍വിസുകളുടെ ഷെഡ്യുള്‍ പ്രഖ്യാപിച്ചു. ഒക്ടോബറിലെ സര്‍വീസുകളുടെ വിശാദംശങ്ങളാണ് പുറത്തുവിട്ടത്. യൂറോപ്പിലെയും അമേരിക്കയിലെയും ഏഴും ആഫ്രിക്കയിലെ ആറും ഏഷ്യയിലെ അഞ്ചും മധ്യപൗരസ്ത്യ മേഖലയിലെ രണ്ടും വിമാനത്താവളങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് പുനഃരാരംഭിക്കുന്നത്.
ഏഷ്യയില്‍ ഇസ്ലാമാബാദ്, കറാച്ചി, കോലാലംബൂര്‍, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിലെ അമ്മാന്‍, ദുബൈ എന്നിവിടങ്ങളിലേക്കും അമേരിക്ക യൂറോപ്പ് മേഖലയിലെ ആംസ്റ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്തംബൂള്‍, ലണ്ടന്‍, മഡ്രിഡ്, പാരിസ്, വാഷിങ്ടണ്‍ ഡി.സി എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ അദീസ് അബാബ, അലക്സ്രാന്‍ഡ്രിയ, കെയ്‌റോ, ഖര്‍ത്തും, നെയ്‌റോബി, തുനിസ് എന്നിവിടങ്ങളിലേക്കുമാണ് ഒക്ടോബറിലെ സര്‍വിസുകള്‍.
കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചായിരിക്കും യാത്ര. വിമാന ലഭ്യതയനുസരിച്ചായിരിക്കും ടിക്കറ്റ് ബുക്കിങ്. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് സര്‍വീസ്. ജിദ്ദ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്തേക്ക് വരാനും പോകാനും സൗദി അറേബ്യ സെപ്റ്റംബര്‍ 15നാണ് ഭാഗികമായി അനുമതി നല്‍കിയത്.