രാജ്യത്ത് രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

July 01, 2021 |
|
News

                  രാജ്യത്ത് രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പുതിയ ചരക്ക്നീക്ക നയത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ടാമത്തെ ദേശീയ വിമാനക്കമ്പനി ആരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നു. എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ് സൗദി കിരീടാവകാശി മുുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച പുതിയ ചരക്ക്നീക്ക നയം. ആഗോള വിമാന യാത്രികരുടെ എണ്ണത്തില്‍ സൗദി അറേബ്യയെ ലോകത്ത് അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കാനും 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന ശൃംഖല വ്യാപിപ്പിക്കാനും എയര്‍ കാര്‍ഗോ ശേഷി ഇരട്ടിയാക്കാ 4.5 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.   

അതേസമയം പുതിയ വിമാനക്കമ്പനിയുടെ ഘടന സംബന്ധിച്ചോ എപ്പോഴാണ് ഈ കമ്പനി ആരംഭിക്കുകയെന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പുതിയ നയത്തിലൂടെ ചരക്ക്നീക്ക, ലോജിസ്റ്റിക്സ് മേഖലയിലെ സാങ്കേതികശേഷിയിലും മനുഷ്യവിഭശേഷിയിലും മുന്നേറാന്‍ സൗദിക്ക് സാധിക്കുമെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ സൗദി അറേബ്യയുടെ പങ്ക് ദൃഢപ്പെടുമെന്നും സൗദി കിരീടാവകാശിയും ചരക്ക്നീക്ക, ലോജിസ്റ്റിക്സ് ഉന്നതാധികാര സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെട്ടു. 

ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അഥവാ സൗദിയ ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി. സൗദിയയുടെ തന്നെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനികളായ ഫ്ളൈഎഡീല്‍, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ കിംഗ്ഡം ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള ഫ്ളൈനാസ് എന്നിവയാണ് രാജ്യത്തെ മറ്റ് വിമാനക്കമ്പനികള്‍.

Related Articles

© 2025 Financial Views. All Rights Reserved