
റിയാദ്: സെപ്റ്റംബര്‍ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്) നിഷേധിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു. വിമാന സര്‍വിസ് പുനഃരാരംഭിക്കുമെന്ന പ്രചരണത്തെ കുറിച്ച് ആളുകളുടെ അന്വേഷണങ്ങള്‍ക്ക് ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ മറുപടി നല്‍കുകയായിരുന്നു അധികൃതര്‍.
പാസ്‌പോര്‍ട്ട് വകുപ്പിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ഔദ്യോഗിക ചാനലുകളില്‍ പ്രഖ്യാപിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് മുന്‍കരുതലായി മാര്‍ച്ച് 15നാണ് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയത്. അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കുന്നത് കൊവിഡ് സ്ഥിതിഗതി വിലയിരുത്തി മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും അറിയിച്ചിരുന്നു.