
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ദിനേശ് കുമാര്‍ ഖാരയെ ബാങ്ക് ബോര്‍ഡ് ബ്യൂറോ ശുപാര്‍ശ ചെയ്തു. ചല്ല ശ്രീനിവാസുലു സെട്ടി, ഒഴിവുകളുടെ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ദിനേശ് കുമാര്‍ ഖാര, ചല്ല ശ്രീനിവാസുലു സെട്ടി എന്നിവരാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍മാര്‍. 'ഇന്റര്‍ഫേസിലെ അവരുടെ പ്രകടനവും മൊത്തത്തിലുള്ള പരിചയസമ്പത്തും കണക്കിലെടുത്ത് ബ്യൂറോ ഇനിപ്പറയുന്ന രീതിയില്‍ ശുപാര്‍ശ ചെയ്യുന്നു:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ദിനേശ് കുമാര്‍ ഖാര, പ്രസ്തുത ഒഴിവിലേക്കുള്ള റിസര്‍വ് ലിസ്റ്റിലെ ചല്ല ശ്രീനിവാസുലു സെട്ടി എന്നിവരെ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു,' പ്രസ്താവനയില്‍ ബിബിബി വ്യക്തമാക്കി. എസ്ബിഐയുടെ നാല് മാനേജിംഗ് ഡയറക്ടര്‍മാരുമായി ബാങ്ക് ബോര്‍ഡ് ബ്യൂറോ അംഗങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
2016 -ല്‍ രൂപീകരിച്ച ബാങ്ക് ബോര്‍ഡ് ബ്യൂറോ, മുഴുവന്‍ സമയ ഡയറക്ടര്‍മാരെയും പൊതുമേഖലാ ബാങ്കുകളുടെ(പിഎസ്ബി) നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍പേഴ്സണ്‍മാരെയും നിയമിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുന്നു. നിലവിലെ എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ ഒക്ടോബര്‍ ഏഴിന് സ്ഥാനമൊഴിയുകയാണ്. 2017 ഒക്ടോബര്‍ മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചത്. തന്റെ സ്ഥാനത്തിന് രജനീഷ് കുമാര്‍ വിപുലീകരണം നോക്കുന്നില്ലെന്ന് ബിബിബിയുടെ ശുപാര്‍ശ വ്യക്തമാക്കി.
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ രജനിഷ് കുമാറിന് കാലാവധി നീട്ടിനല്‍കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. 59 -കാരനായ ദിനേശ് കുമാര്‍ ഖാര 1984 -ല്‍ ആണ് എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്നത്. 2016 ഓഗസ്റ്റ് പത്തിന്, മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ മാനേജിംഗ് ഡയറക്ടറായി അദ്ദേഹം നിയമിതനായി. പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം അവലോകനം ചെയ്ത് ശേഷം കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി.
സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ ആയതിനാല്‍ത്തന്നെ, ആഗോള വിപണികളുടെയും എസ്ബിഐയുടെ അനുബന്ധ സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ചുമതലയും അദ്ദേഹത്തിനാണ്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നതിന് മുമ്പ്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്ബിഐഎംഎഫ്) ചീഫ് എക്സിക്യൂട്ടിവ് ആയിരുന്നു ദിനേശ് കുമാര്‍ ഖാര.