
ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്‍കിട ബാങ്കുകളെ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഡി-എസ്ഐബി അഥവാ രാജ്യത്തെ സുപ്രധാന ബാങ്കുകള്‍ എന്നറിയപ്പെടുന്നവയാണ് ഇവ. ഈ ബാങ്കുകള്‍ തകരാന്‍ തല്‍ക്കാലം സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവ കടക്കെണിയിലായാല്‍ അത് സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഇത്തരം ബാങ്കുകളാണ് ഡി-എസ്ഐബി. 2020ലെ പട്ടികയാണ് പുറത്തുവിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പട്ടികയിലുണ്ട്. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ് ഇക്കൂട്ടത്തില്‍ ഇടംപിടിച്ചത്.
രാജ്യത്ത് ധനമിടപാട് ശൃംഖലയെ ശക്തമാക്കുന്നതില്‍ ഈ ബാങ്കുകള്‍ക്ക് വലിയ റോളുണ്ട്. 2015ലാണ് ഡി-എസ്ഐബികളുടെ പട്ടിക ആദ്യമായി ആര്‍ബിഐ തയ്യാറാക്കുന്നത്. അന്ന് എസ്ബിഐയും ഐസിഐസിഐയുമാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. 2017ലാണ് എച്ച്ഡിഎഫ്സി ഈ പട്ടികയില്‍ ഇടംനേടുന്നത്. ഇവ തകര്‍ന്നാല്‍ സമ്പദ് ഘടനയെ ഒന്നടങ്കം ഇത് ബാധിക്കും. ഇവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടും, ഈ ബാങ്കുകള്‍ ധനശേഷിയും വലിപ്പവും കാരണമാണ് ഈ പ്രതിസന്ധി സമ്പദ് ഘടനയ്ക്കുണ്ടാവുക.
ഡി-എസ്ഐബികള്‍ക്കായി 2014 മുതലാണ് ചില നിയമങ്ങള്‍ ആര്‍ബിഐ കൊണ്ടുവന്നത്. ഇത്തരം ബാങ്കുകളുടെ ശേഷം പലപ്പോഴും മാറുന്നത് കൊണ്ട് 2015 മുതല്‍ എല്ലാ വര്‍ഷവും ഇവ ഏതൊക്കെയാണെന്ന് പുറത്തുവിടാനും തുടങ്ങി. ഓരോ ബാങ്കിന്റെ ക്യാപിറ്റല്‍ അഡീഷന്‍ അടക്കം പരിശോധിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്ക് എത്തിയത്. വിദേശത്തെ ബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖയുണ്ടെങ്കില്‍ ഇവയെ ജി-എസ്ഐബികളായിട്ടാണ് കാണുന്നത്. ഇതുവരെ ശേഖരിച്ച ഡാറ്റകള്‍ ശേഖരിച്ചാണ് ഈ ബാങ്കുകളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയത്.