
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി ഏതാനും മണിക്കൂറുകളില്‍ ലഭ്യമാകില്ല. ബാങ്കിങ് പ്ലാറ്റ്ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ മെയ് 7 രാത്രി 10.15 മുതല്‍ മെയ് 8 പുലര്‍ച്ചെ 1.45 വരെ ഡിജിറ്റില്‍ ബാങ്കിങ് സേവനങ്ങളില്‍ തടസം നേരിടുമെന്ന് എസ്ബിഐ അറിയിച്ചു. ഈ സമയത്ത് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ ലഭ്യമാകില്ല എന്നും ബാങ്ക് അറിയിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ മാസവും എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 2020 ഡിസംബര്‍ 31 വരെയുള്ള കണക്കുകളനുസരിച്ച് എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോക്താക്കളുടെ എണ്ണം 85 ദശലക്ഷവും മൊബൈല്‍ ബാങ്കിങ് ഉപയോക്താക്കളുടെ എണ്ണം 19 ദശലക്ഷവും ആണ്. ബാങ്കിന് നിലവില്‍ 135 ദശലക്ഷത്തോളം യുപിഐ ഉപഭോക്താക്കളുണ്ട്. ബാങ്കിന്റെ ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമായ യോനോയ്ക്ക് 35 ദശലക്ഷത്തോളം ഉപയോക്താക്കളാണ് ഉള്ളത്.