എവിടെയിരുന്നും ജോലി ചെയാവുന്ന സംവിധാനവുമായി എസ്ബിഐ; വര്‍ക്ക് ഫ്രം ഹോം പരിഷ്‌കരിക്കുന്നു

June 22, 2020 |
|
News

                  എവിടെയിരുന്നും ജോലി ചെയാവുന്ന സംവിധാനവുമായി എസ്ബിഐ; വര്‍ക്ക് ഫ്രം ഹോം പരിഷ്‌കരിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്ഡൗണ്‍ വന്നതോടെ ജീവനക്കാര്‍ക്ക് അനുവദിച്ച 'വര്‍ക്ക് ഫ്രം ഹോം' സൗകര്യം 'വര്‍ക്ക് ഫ്രം എനിവേര്‍' ആയി പരിഷ്‌കരിക്കുന്നു. ഇതിന്റെ മുന്നോടിയായി അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ഓഫീസിലിരുന്നല്ലാതെ തന്നെ ചെയ്യാനാകും വിധം സാങ്കേതിക സംവിധാനങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്ക് ഫ്രം എനിവേര്‍ സൗകര്യം ഒരുക്കുന്നത്.ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഒഴിവാക്കാന്‍  ഇത് സഹായിക്കും. വിദേശത്തെ 19 ഓഫീസുകളില്‍ പദ്ധതി നടപ്പാക്കി. ഇന്ത്യയിലെ ഓഫീസുകളിലും വൈകാതെ അവതരിപ്പിക്കാനാണുദ്ദേശിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും പദ്ധതി സഹായിക്കും. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുകയെന്നും ചെയര്‍മാന്‍  പറഞ്ഞു.

ബിസിനസ് രംഗത്ത്, ഡിജിറ്റല്‍ സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നതിനു പുറമേ റിസ്‌ക് അസസ്മെന്റും ബിസിനസ് നടപടിക്രമങ്ങളും പുനഃപരിശോധിക്കുന്നതിലായിരിക്കും അടുത്ത ദിവസങ്ങളില്‍ ബാങ്കിന്റെ ശ്രദ്ധയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്ക്ഡൗണ്‍ കാലയളവില്‍ 98 ശതമാനം ബ്രാഞ്ച് പ്രവര്‍ത്തനക്ഷമതയും 91 ശതമാനം ഇതര ചാനല്‍ പ്രവര്‍ത്തനക്ഷമതയും നേടാന്‍ ബാങ്കിന് കഴിഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് പൊട്ടിത്തെറിയുടെ സാമ്പത്തിക ആഘാതം ഗൗരവതരമായിരിക്കും.നിലവിലെ കണക്കനുസരിച്ച് 21.8 ശതമാനം ഉപഭോക്താക്കളാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം നേടിയത്.ബിസിനസ് തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിപുലമായ ബിസിനസ് തുടര്‍ച്ചാ പദ്ധതി (ബിസിപി) നിലവിലുണ്ടെന്ന് എസ്ബിഐ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved