വായ്പ മൊറട്ടോറിയം: പലിശ ഇളവിനായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം സെപ്റ്റംബര്‍ 28ന്

September 11, 2020 |
|
News

                  വായ്പ മൊറട്ടോറിയം: പലിശ ഇളവിനായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം സെപ്റ്റംബര്‍ 28ന്

വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ എന്‍പിഎ(നിഷ്‌ക്രിയ ആസ്തി)കളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

എല്ലാ ഹര്‍ജിക്കാരുടെയും വാദം കേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 28 വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മോറട്ടോറിയം പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനേക്കാള്‍ ഉയര്‍ന്ന തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എല്ലാ മേഖലയ്ക്കും ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ തിടുക്കത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്നും മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

പലിശയിന്മേല്‍ പലിശ ഈടാക്കരുതെന്ന് ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസര്‍വ് ബാങ്ക് ജൂണ്‍ നാലിന് കോടതിയെ അറിയിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved