
ന്യൂഡല്‍ഹി: വന്‍കിട കമ്പനികള്‍ പൊതുമേഖല ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോള്‍ അവയുടെ മേധാവികള്‍ നല്‍കിയ വ്യക്തിഗത ജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹര്‍ജിയെ നിവേദനമായി പരിഗണിച്ച് മറുപടി നല്‍കാന്‍ ധനമന്ത്രാലയത്തോട് സുപ്രീംകോടതി. കമ്പനികള്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈടു നല്‍കിയ പ്രമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍, മാനേജീരിയല്‍ പദവിയിലുള്ളവര്‍ എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നിവേദനം ലഭിച്ചുകഴിഞ്ഞാല്‍ അതിലെ നിര്‍ദേശങ്ങള്‍ക്ക് നാലാഴ്ചയ്ക്കകം ധനമന്ത്രാലയം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സൗരഭ് ജെയ്ന്‍, രാഹുല്‍ ശര്‍മ എന്നിവരാണ് കേസിലെ ഹര്‍ജിക്കാര്‍. വായ്പ നല്‍കുമ്പോള്‍ കമ്പനിമേധാവികളില്‍നിന്ന് വ്യക്തിഗത ജാമ്യം വാങ്ങണമെന്ന് ധനമന്ത്രാലയത്തിന്റെ സര്‍ക്കുലറുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ അത് പാലിക്കാറില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യബാങ്കുകളുടെ മാതൃകയില്‍ പൊതുമേഖലാ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഏതാണ്ട് 1.85 ലക്ഷം കോടി രൂപയാണ് കിട്ടാനുള്ളത്. ഈ ബാങ്കുകളില്‍ നികുതിദായകന്‍ നല്‍കുന്ന ഓരോ രൂപയിലും 23 പൈസ നഷ്ടമാകുമ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ 9.6 രൂപ ലാഭമാണെന്ന് കഴിഞ്ഞ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നതായും പരാതിയില്‍ പറഞ്ഞു.