
കൊച്ചി: കടലിലും കരയിലും കോവിഡ് വല വിരിച്ച ജനുവരി-ജൂലൈ കാലയളവില്‍ സമുദ്രോല്‍പന്ന കയറ്റുമതിയില്‍ 20-25 ശതമാനം ഇടിവുണ്ടായെന്നു വിലയിരുത്തല്‍. സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ലെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം 2,500 3,000 കോടി രൂപയുടെ ബിസിനസ് നഷ്ടം ഉണ്ടാകുമെന്നാണു കേരളത്തിലെ കയറ്റുമതി വ്യവസായ സമൂഹത്തിന്റെ ആശങ്ക.
കോവിഡ് ആഗോള വിപണിയെ ബാധിച്ചതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ടി വരുന്നതും വരുമാനം ഇല്ലാതിരിക്കുമ്പോഴും വായ്പാപലിശ, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകള്‍ എന്നിവയെല്ലാം ചേരുമ്പോള്‍ കോടികളുടെ സാമ്പത്തിക ഭാരമുണ്ടാകുമെന്ന ആശങ്കയും വ്യവസായികള്‍ പങ്കിടുന്നു.
ഓഗസ്റ്റ് ഒന്നിനു ട്രോളിങ് നിരോധനം പിന്‍വലിക്കുമെന്നും നിബന്ധനകളോടെ മത്സ്യ ബന്ധന ബോട്ടുകള്‍ക്കു കടലില്‍ പോകാന്‍ അനുവാദം ലഭിക്കുമെന്നുമാണു പ്രതീക്ഷ, പീലിങ്, സംസ്‌കരണ യൂണിറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുമെന്നും. കര്‍ശന നിയന്ത്രണങ്ങളോടെ ആണെങ്കിലും യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ കയറ്റുമതിയും ആഭ്യന്തര വില്‍പനയും മെച്ചപ്പെടുത്താന്‍ കഴിയും.
നിലവില്‍, മത്സ്യബന്ധനവും സമുദ്രോല്‍പന്ന കയറ്റുമതിയും ഏറെക്കുറെ പൂര്‍ണ സ്തംഭനത്തിലാണ്. സമുദ്രോല്‍പന്ന മേഖല നേരിടുന്ന വന്‍ പ്രതിസന്ധി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സമുദ്രോല്‍പന്ന കയറ്റുമതി, വികസന അതോറിറ്റി (എംപിഇഡിഎ) പറയുന്നു. കോവിഡ് തുടങ്ങിയ കാലം മുതല്‍ സര്‍ക്കാരുമായും വ്യവസായ സമൂഹവുമായും എംപിഇഡിഎ ചെയര്‍മാന്‍ കെ.എസ്.ശ്രീനിവാസ് സമ്പര്‍ക്കത്തിലാണ്.