റിലയന്‍സ് പെട്രോളിയം ഓഹരി വ്യാപാര കേസില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി; അംബാനിക്കും റിലയന്‍സിനും പിഴ വിധിച്ച് സെബി

January 02, 2021 |
|
News

                  റിലയന്‍സ് പെട്രോളിയം ഓഹരി വ്യാപാര കേസില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി; അംബാനിക്കും റിലയന്‍സിനും പിഴ വിധിച്ച് സെബി

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് പിഴ വിധിച്ച് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2007ലെ റിലയന്‍സ് പെട്രോളിയം കേസിലാണ് മുകേഷ് അംബാനിയില്‍ നിന്നും മറ്റു രണ്ടു കമ്പനികളില്‍ നിന്നും പിഴ ഇടാക്കാന്‍ സെബി വെള്ളിയാഴ്ച്ച തീരുമാനിച്ചത്. റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടി രൂപ പിഴയൊടുക്കണം. റിലയന്‍സിനും 25 കോടി രൂപ പിഴ സെബി വിധിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ നവി മുംബൈ എസ്ഇസിയും മുംബൈ സിഇസിയും യഥാക്രമം 20 കോടിയും 10 കോടിയും രൂപ വീതം പിഴ അടയ്ക്കണം.
 
2007 നവംബറില്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡ് ഓഹരികളുടെ വ്യാപാരത്തില്‍ നടന്ന വഞ്ചന മുന്‍നിര്‍ത്തിയാണ് സെബി പിഴ വിധിച്ചത്. ഓഹരികളുടെ എണ്ണത്തിലും വിലയിലും നടത്തുന്ന വഞ്ചന വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം കെടുത്തുമെന്ന് 95 പേജുള്ള വിധിപ്പകര്‍പ്പില്‍ സെബി ഓഫീസര്‍ ബിജെ ദിലിപ് പറഞ്ഞു.

ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വഴി റിലയന്‍സ് പെട്രോളിയം ഓഹരികള്‍ വില്‍ക്കാന്‍ നേതൃത്വം നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണെന്ന് പൊതുനിക്ഷേപകര്‍ക്ക് അറിയില്ലായിരുന്നു. വഞ്ചനാപരമായി ഇടപാട് നടത്തിയതുമൂലം റിലയന്‍സ് പെട്രോളിയം ഓഹരികളുടെ വില തെറ്റായി സ്വാധീനിക്കപ്പെട്ടു. ഒപ്പം ഈ നടപടി നിക്ഷേപകരുടെ താത്പര്യങ്ങളെ ദോഷമായി ബാധിച്ചെന്നും ഉത്തരവില്‍ സെബി വ്യക്തമാക്കി. കൃത്രിമമായ ഇടപാടുകള്‍ വിപണിയുടെ താളം തെറ്റിക്കും. ഓഹരികളുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ സഹായിക്കുന്ന സ്ഥാപിത സംവിധാനത്തെയാണ് ഇത്തരം പ്രവൃത്തികള്‍ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് മൂലധന വിപണികളിലെ കൃത്രിമ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും തടയാനും സെബി കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളുമെന്ന് ഉത്തരവില്‍ ബിജെ ദിലിപ് വ്യക്തമാക്കി.

നേരത്തെ, 2017 മാര്‍ച്ചില്‍, റിലയന്‍സ് പെട്രോളിയം കേസില്‍ 447 കോടി രൂപയോളം പിഴയൊടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനോടും ബന്ധപ്പെട്ട മറ്റു കമ്പനികളോടും സെബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നാലെ വിധിക്കെതിരെ സെക്യുരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലില്‍ റിലയന്‍സ് ഹര്‍ജി നല്‍കി. 2020 നവംബറിലാണ് റിലയന്‍സിന്റെ അപ്പീല്‍ ട്രിബ്യൂണല്‍ തള്ളിയത്. ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് അന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതികരിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved