എന്‍എസ്ഇ പരിശോധന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സെബി

March 25, 2022 |
|
News

                  എന്‍എസ്ഇ പരിശോധന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സെബി

ന്യൂഡല്‍ഹി: ദേശീയ ഓഹരി വിപണിയുടെ (എന്‍എസ്ഇ) പ്രവര്‍ത്തനം സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2013 മുതലുള്ള പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ നല്‍കിയ അപേക്ഷയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചത്.

വിപണിയുടെ ആഭ്യന്തരമായ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് പുറത്തുവിടുന്നത് വിപണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സെബി അറിയിച്ചു. ബാങ്കുകളെപ്പറ്റി റിസര്‍വ് ബാങ്ക് തയാറാക്കിയ പരിശോധന റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ടെന്ന് സുഭാഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

ബാങ്കുകളുടെ പരമോന്നത നിയന്ത്രണ സ്ഥാപനമാണ് ആര്‍ബിഐ എന്നിരിക്കെ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെബിയുടെ റിപ്പോര്‍ട്ടുകളും പരസ്യമാക്കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഓഹരി വിപണിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍എസ്ഇ മുന്‍ എം.ഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണക്കെതിരെ സെബി ശിക്ഷ നടപടി സ്വീകരിച്ചിരുന്നു.

തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ ചിത്രയെയും അവര്‍ അവിഹിതമായി നിയമിച്ച ഗ്രൂപ് ഓപറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രമണ്യനെയും അറസ്റ്റ് ചെയ്തു. ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ ഉപദേശപ്രകാരമാണ് ഓഹരി വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന വിചിത്ര മറുപടിയാണ് ചിത്ര രാമകൃഷ്ണ നല്‍കിയത്. ഈ 'അജ്ഞാത യോഗി' ആനന്ദ് സുബ്രമണ്യന്‍ ആണെന്നാണ് സിബിഐ കരുതുന്നത്.

Read more topics: # Sebi, # എന്‍എസ്ഇ, # NSE,

Related Articles

© 2025 Financial Views. All Rights Reserved