
ന്യൂഡല്‍ഹി: ഭാരത് ബോണ്ട് ഇടിഎഫിലേയ്ക്കുള്ള രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ജൂലായില്‍ തുടങ്ങും. ഇത്തവണ 14,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടിഎഫ് പുറത്തിറക്കുന്നത്. 2025 ഏപ്രില്‍, 2031 ഏപ്രില്‍ എന്നീ മെച്യൂരിറ്റി കാലാവധികളുള്ള ഭാരത് ബോണ്ട് ഇടിഎഫുകളാണ് പുതിയതായി പുറത്തിറക്കുന്നത്. ഈഡല്‍വെയ്സ് എഎംസിയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.
പൊതുമേഖ സ്ഥാപനങ്ങളുടെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കും. ഇതില്‍ നിക്ഷേപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനും അവസരമുണ്ടാകും.
കഴിഞ്ഞ ഡിസംബറില്‍ ആദ്യഘട്ടത്തില്‍ ഇടിഎഫ് പുറത്തിറക്കിയപ്പോള്‍ വിപണിയില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 7,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇടിഎഫ് പുറത്തിറക്കിയതെങ്കിലും കാര്യമായി നിക്ഷേപമെത്തിയതോടെ 12,000 കോടിയായി ഈ തുക വര്‍ധിപ്പിച്ചിരുന്നു.