
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇത് ചരിത്ര നിമിഷം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് ഉയരങ്ങളിലേക്ക് താണ്ടിയ ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 60,000 തൊട്ടു. ഇന്ന് രാവിലെ സെന്‍സെക്സ് സൂചി 60,000 മുകളിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു മാസം മുമ്പ് 55,998 ലുണ്ടായിരുന്ന സൂചികയാണ് വലിയ തിരുത്തലുകളിലേക്ക് വീഴാതെ 60,000 ന് മുകളിലെത്തിയത്.
ഐപിഒകളുടെ കടന്നുവരവ്, വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക്, പുതുതായുള്ള നിക്ഷേപകരും സ്വദേശി ഫണ്ടുകളും, സര്‍ക്കാരിന്റെ പിഎല്‍ഐ അടക്കമുള്ള പോളിസികള്‍ തുടങ്ങിയവയാണ് ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്കെത്താന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ചില്ലറ നിക്ഷേപകരുടെ സ്വാധീനം അത്ര ചെറുതല്ല. വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 6695.23 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. സ്വദേശികളുടെ ഈ മാസത്തെ നിക്ഷേപം 1546.22 കോടി രൂപ മാത്രമാണ്. എന്നിട്ടും, ഒരു മാസത്തിനിടെ സെന്‍സെക്സ് സൂചിക 4,000 ഉയര്‍ന്നെങ്കില്‍ ഇതിന് പിന്നിലെ പ്രധാന കാരണം ചില്ലറ നിക്ഷേപകരാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഓഹരി വിപണിയുടെ ചുക്കാന്‍ പിടിക്കുന്നത് ചില്ലറ നിക്ഷേപകരാണ്.