ഉത്സവ സീസണിന് മുന്‍പ് വില്‍പ്പന സാധാരണ നിലയിലായെന്ന് കാര്‍ നിര്‍മാതാക്കള്‍; സ്വിഫ്റ്റും ഗ്രാന്റ് ഐ10നും മുന്നില്‍

October 06, 2020 |
|
News

                  ഉത്സവ സീസണിന് മുന്‍പ് വില്‍പ്പന സാധാരണ നിലയിലായെന്ന് കാര്‍ നിര്‍മാതാക്കള്‍; സ്വിഫ്റ്റും ഗ്രാന്റ് ഐ10നും മുന്നില്‍

രാജ്യത്ത് കാര്‍ വില്‍പ്പനയില്‍ വര്‍ധന. ഉത്സവ സീസണിന് മുന്നോടിയായി സെപ്തംബറില്‍ വില്‍പ്പന സാധാരണ നിലയിലായതായി കാര്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏകദേശം 35 ശതമാനം വര്‍ധന കാര്‍ വില്‍പ്പനയില്‍ ഉണ്ടായതായാണ് കണക്ക്. എന്നാല്‍ ഇത് ഡീലര്‍മാരിലേക്ക് എത്തിച്ച കണക്കാണ്. ഉപഭോക്താക്കള്‍ വാങ്ങിയതിന്റേയല്ല.

മാരുതി സുസുകിയുടെ സ്വിഫ്റ്റ്, ആള്‍ട്ടോ, ഹ്യൂണ്ടായിയുടെ ഗ്രാന്റ് ഐ10 എന്നിവയാണ് വില്‍പ്പനയില്‍ മുന്നിലുള്ളത്. 1,47912 യൂണിറ്റുകളാണ് മാരുതി സുസുകി രാജ്യത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഉണ്ടായതിനേക്കാള്‍ 31 ശതമാനം അധികമാണിത്. 22643 സ്വിഫ്റ്റ്, 18246 ആള്‍ട്ടോ കാറുകളാണ് മാരുതി സുസുകി വിറ്റത്. ബലേനോ 19433 യൂണിറ്റുകളും വാഗണ്‍ആര്‍ 17581 യൂണിറ്റുകളും വിറ്റു.

ഹ്യൂണ്ടായ് യുടെ ഗ്രാന്റ് ഐ10 വിറ്റത് 10385 യൂണിറ്റുകളാണ്. പുതിയ വേര്‍ഷന്‍ പുറത്തിറക്കിയത് ഇതിന് ഗുണമായി. കിയ മോട്ടോര്‍സ്, എംജി എന്നിവയുടെ കാറുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എംജി ഹെക്റ്റര്‍ മൂവായിരത്തോളം യൂണിറ്റുകള്‍ വിറ്റപ്പോള്‍ കിയയുടേത് 9000 യൂണിറ്റിലെത്തി. കോംപാക്ട് എസ് യു വികളില്‍ 12000 യൂണിറ്റുകളുമായി ബ്രെസ്സ തന്നെയാണ് മുന്നില്‍.

മഹീന്ദ്ര 14664 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതില്‍ 5500 യൂണിറ്റുകളും ബോലേറോ ആയിരുന്നു. എക്സ് യു വി 300, സ്‌കോര്‍പിയോ എന്നിവയ്ക്കും മോശമല്ലാത്ത വില്‍പ്പനയുണ്ടായിട്ടുണ്ട്. ആള്‍ട്രോസ്, ടിയാഗോ, നെക്സോണ്‍ തുടങ്ങിയവയിലൂടെ ടാറ്റ 21,200 യൂണിറ്റുകള്‍ വിറ്റു. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, ഗ്ലാന്‍സ എന്നിവയും കഴിഞ്ഞ മാസം നന്നായി വിറ്റുപോയ കാറുകളാണ്.
ഹോണ്ടയും 36 ശതമാനം വര്‍ധന കാര്‍ വില്‍പ്പനയില്‍ നേടി. ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ ഇക്കോസ്പോര്‍ട്ടിന്റെ സഹായത്തോടെ 3558 യൂണിറ്റുകള്‍ വിറ്റഴിച്ചു.

Read more topics: # കാര്‍, # car sales,

Related Articles

© 2025 Financial Views. All Rights Reserved