
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിക്കുകയും സേവനങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചുവരുകയും ചെയുന്നതുകൊണ്ട് സേവന കയറ്റുമതിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് സൂചന. 2022-23 ല്‍ രാജ്യത്തിന്റെ സേവന കയറ്റുമതി 325 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വീസസ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) ചെയര്‍മാന്‍ സുനില്‍ എച്ച് തലത്തി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2021-22) അവസാനത്തോടെ സേവന കയറ്റുമതി ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2021-22 ഏപ്രില്‍-ജനുവരിയിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം 209.83 ബില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷത്തെ 167.45 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 25.31 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
കൊവിഡ് ഉടന്‍ ഇല്ലാതാകുമെന്ന പ്രതീക്ഷയോടെ, ആഗോളതലത്തില്‍ എല്ലാത്തരം സേവനങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ 2022-23 ല്‍ ഞങ്ങള്‍ വിപണിയില്‍ 325 ബില്യണ്‍ യുഎസ് ഡോളറാണ് ലക്ഷ്യമിടുന്നതെന്ന് തലതി പറഞ്ഞു. പുതിയ വിദേശ വ്യാപാര നയം കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഇഐഎസിന് ബദല്‍ പദ്ധതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പല സ്‌കീമുകളും നിലവിലുണ്ട്.
പകര്‍ച്ചവ്യാധികള്‍ക്കിടയിലും മൊത്തത്തിലുള്ള കയറ്റുമതിയുടെ നിബന്ധനകള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ 90-91 ശതമാനം നിലനിര്‍ത്താന്‍ സേവന മേഖലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി സേവന കയറ്റുമതി 8-9 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എട്ടാമത്തെ വലിയതും, ഏഷ്യ-പസഫിക് റീജിയനില്‍ രണ്ടാമതുമാണ് ഈ മേഖല. സേവന കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു സംവിധാനം നമുക്കുണ്ടാകണമെന്നും തലത്തി പറഞ്ഞു.