
ബെംഗളൂരു: ഹലോ, ടിക് ടോക്ക് എന്നിവയുള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മോജ് എന്നതാണ് ആപ്ലിക്കേഷന്‍. അതേസമയം, ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടും 2 ഗുഡ്സോഷ്യല്‍ എന്ന പേരില്‍ ചെറിയ പട്ടണങ്ങളില്‍ നിന്നും താഴ്ന്ന വരുമാനക്കാരില്‍ നിന്നുമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, വീഡിയോ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് 200-300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിനാല്‍ നിരോധനം സൃഷ്ടിക്കുന്ന ശൂന്യതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് ഈ കമ്പനികള്‍ എന്ന് വ്യവസായ വിദഗ്ധര്‍ പറഞ്ഞു.
'ടിക് ടോക്ക്, വിവ വീഡിയോ, വിഗോ വീഡിയോ, ന്യൂ വീഡിയോ സ്റ്റാറ്റസ്, വിമേറ്റ്, യു വീഡിയോ, സെല്‍ഫിസിറ്റി, ബ്യൂട്ടി പ്ലസ്, യൂകാം മേക്കപ്പ്, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, സ്വീസെല്‍ഫി, ഹാഗോ എന്നിവയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് 100 ശതമാനവും മെയ്ഡ് ഇന്‍ ഇന്ത്യ ആയ ഷോര്‍ട്ട് വീഡിയോ ആപ്പിലേക്ക് സ്വാഗതം എന്ന് ഷെയര്‍ചാറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പറഞ്ഞു. ആപ്പ് ഇതിനകം തന്നെ 4.4 റേറ്റിംഗോടെ 10,000 ഡൗണ്‍ലോഡുകള്‍ നേടി.