
ഇന്ന് ഇന്ത്യയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തെ ഫ്യൂച്ചേഴ്സ് എംസിഎക്സിൽ 10 ഗ്രാമിന് 0.6 ശതമാനം ഇടിഞ്ഞ് 43,302 രൂപയിലെത്തി. വെള്ളിയുടെ മെയ് ഫ്യൂച്ചേഴ്സ് വില 3 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 39,758 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ നിരക്ക് കുത്തനെ ഉയർന്നിരുന്നു. ആഗോള നിരക്ക് വർദ്ധനവിനെ തുടർന്ന് സ്വർണ വില 10 ഗ്രാമിന് 3,000 രൂപ വരെ വർധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില കുത്തനെ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ കൂടുതൽ സാമ്പത്തിക നാശനഷ്ടമുണ്ടാക്കുമെന്ന ആശങ്കയെത്തുടർന്ന് സുരക്ഷിത നിക്ഷേപ മാർഗം എന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം ഉയർന്നതാണ് വില കൂടാൻ കാരണം. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,621.85 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 738.05 ഡോളറിലെത്തി. വെള്ളി 0.8 ശതമാനം ഇടിഞ്ഞ് 14.36 ഡോളറിലെത്തി.
വിപണികൾ
പാപ്പരത്തത്തിന്റെ ആഘാതം ഒഴിവാക്കാൻ രാജ്യങ്ങൾ വൻതോതിൽ ചെലവഴിച്ച് പ്രതികരിക്കണമെന്ന് ഐഎംഎഫ് തലവൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഏഷ്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞപ്പോൾ എണ്ണവില മറ്റൊരു കുതിച്ചുചാട്ടം നടത്തി. ഡോവ് ഫ്യൂച്ചറുകളും ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകരുടെ വികാരം പ്രതിഫലിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വെള്ളിയാഴ്ച 1.17 ശതമാനം ഉയർന്ന് 964.66 ടണ്ണായി.
ഇന്ത്യയിൽ വിൽപ്പന നിലച്ചു
21 ദിവസത്തെ ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ ഭൗതിക സ്വർണ വ്യാപാരം നിലച്ചതോടെ സ്വർണത്തിന് അന്താരാഷ്ട്ര വിലയേക്കാൾ വൻ കിഴിവുകൾ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിലയിൽ 12.5 ശതമാനം ഇറക്കുമതി നികുതിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്നു. കൊറോണ വൈറസ് വ്യാപനം മൂലം പല രാജ്യങ്ങളിലെയും സ്വർണത്തിന്റെ ശുദ്ധീകരണശാലകൾ അടച്ചിരിക്കുകയാണ്.
കേരളത്തിൽ വിലയിൽ മാറ്റമില്ല
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വിലയിൽ മാറ്റമില്ല. പവന് 30640 രൂപയാണ് വില. മാർച്ച് 24ന് ശേഷം വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 32320 രൂപയായിരുന്നു. മാർച്ച് 6 മുതൽ 9 വരെ ഈ വിലയ്ക്ക് വ്യാപാരം തുടർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 29600 രൂപയാണ്. മാർച്ച് 17, 19 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.