പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

June 11, 2020 |
|
News

                  പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ബോര്‍ഡ് തല ചര്‍ച്ചകള്‍ നടത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. പലിശ നിരക്ക് കൈമാറ്റത്തെക്കുറിച്ച് ബോര്‍ഡ് തലത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കാനാണ് സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകള്‍ പലിശ നിരക്ക് ഇളവ് ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്ന മന്ദഗതിയിലാണോ എന്ന് സര്‍ക്കാരിനു സംശയമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിപ്പോ നിരക്ക് 185 ബേസിസ് പോയിന്റ് കുറച്ചിരുന്നു. റിപ്പോ നിരക്ക് - വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ്. നിലവിലെ റിപ്പോ നിരക്ക് 4 ശതമാനമാണ്. എന്നാല്‍ ഇന്നു വരെ ബാങ്കുകള്‍ 120 മുതല്‍ 140 ബിപിഎസ് നിരക്ക് കുറയ്ക്കല്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് കൈമാറ്റം ചെയ്തിട്ടുള്ളത്. കൂടുതല്‍ വെട്ടിക്കുറയ്ക്കല്‍ ബാങ്കിന്റെ ധനത്തെ ബാധിക്കുമെന്നും ബാങ്കുകള്‍ ലാഭകരമായിരിക്കേണ്ടത് ആവശ്യമാണെന്നും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കാതെ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്രത്തിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം വഴി എംഎസ്എംഇകള്‍ക്ക് മതിയായ പിന്തുണ ഉറപ്പാക്കണമെന്ന് ധനകാര്യമന്ത്രി പൊതുമേഖലാ ബാങ്ക് (പിഎസ്ബി) എക്‌സിക്യൂട്ടീവുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒന്നോ അതിലധികമോ ബാങ്കുകളെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞയാഴ്ച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. നിലവില്‍, ഏകീകരണ പരിപാടിയുടെ ഭാഗമല്ലാത്ത പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ സ്വകാര്യവത്കരിക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved