സോഷ്യല്‍ കൊമേഴ്സ് മേഖല മുന്നേറ്റത്തില്‍; 2025ല്‍ വിപണി 1.2 ട്രില്യണ്‍ ഡോളറിലെത്തും

January 04, 2022 |
|
News

                  സോഷ്യല്‍ കൊമേഴ്സ് മേഖല മുന്നേറ്റത്തില്‍; 2025ല്‍ വിപണി 1.2 ട്രില്യണ്‍ ഡോളറിലെത്തും

ഫേസ്ബുക്ക്, ടിക്‌ടോക്ക്, വിചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാപാരം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മറ്റു മേഖലയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വളരുമെന്ന് കണ്‍സള്‍ട്ടിങ് കമ്പനിയായ ആക്സെഞ്ചര്‍ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും നടക്കുന്ന ഇടപാടുകളെ സോഷ്യല്‍ കൊമേഴ്സ് എന്നാണ് വിളിക്കുന്നത്.

2025ഓടെ ഇതു വഴിയുള്ള വിപണനം 1.2 ട്രില്യണ്‍ ഡോളറിലെത്തും. 2021ല്‍ ഇത് 492 ബില്യണ്‍ ഡോളറായിരുന്നു. ഈ പ്രവണതയെ പ്രധാനമായും നയിക്കുന്നത് പുതതലമുറയിലെ ഉപഭോക്താക്കളാണ്. ഇവരാണ് 62 ശതമാനവും ഈ മേഖലയില്‍ പണം ചെലവഴിക്കുക.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി വില്‍ക്കുന്ന ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങളില്‍ വസ്ത്രങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന കൂടുകയാണ്. ഓണ്‍ലൈന്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഈ മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികം പേരും കുത്തക വ്യാപാരികളെക്കാള്‍ ചെറുകിട ബിസിനസുകളെ പിന്തുണക്കുമെന്നും അവരില്‍നിന്ന് വീണ്ടും വാങ്ങാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. ഇത് പുതിയ ബ്രാന്‍ഡുകളുടെ വളര്‍ച്ചക്കും സ്വീകാര്യതക്കും കാരണമാകും.

2021ല്‍ ഏകദേശം 3.5 ബില്യണ്‍ ആളുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതായും പ്രതിദിനം ശരാശരി രണ്ടര മണിക്കൂര്‍ അതില്‍ ഏര്‍പ്പെട്ടതായും ആക്സെഞ്ചര്‍ കണ്ടെത്തി. സോഷ്യല്‍ കൊമേഴ്സ് യു.കെയിലും യു.എസിലും ചൈനയേക്കാള്‍ കുറവാണ്. പഠനപ്രകാരം ചൈനയില്‍ 80 ശതമാനം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സോഷ്യല്‍ കൊമേഴ്സ് ഇടപാടുകള്‍ നടത്തുന്നുണ്ട്.

സോഷ്യല്‍ കൊമേഴ്‌സിന്റെ ഏറ്റവും വികസിത വിപണിയായി ചൈന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്സെഞ്ചര്‍ പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വികസ്വര വിപണികളിലും സോഷ്യല്‍ കൊമേഴ്‌സ് ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. ചൈന, ഇന്ത്യ, ബ്രസീല്‍, യു.എസ്, യു.കെ എന്നിവിടങ്ങളിലെ 10,053 സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

Read more topics: # Social commerce,

Related Articles

© 2025 Financial Views. All Rights Reserved