അണ്‍അക്കാഡമിയില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് നിക്ഷേപം; 15 കോടി ഡോളര്‍ സമാഹരിച്ചു

September 04, 2020 |
|
News

                  അണ്‍അക്കാഡമിയില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് നിക്ഷേപം;  15 കോടി ഡോളര്‍ സമാഹരിച്ചു

കൊച്ചി: സാങ്കേതികവിദ്യാധിഷ്ഠിതമായി വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമായ അണ്‍അക്കാഡമി സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2-ന്റെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപ സമാഹരണത്തിലൂടെ 15 കോടി ഡോളര്‍ സമാഹരിച്ചു. സെക്വിയ കാപിറ്റല്‍, നെക്‌സസ് വെഞ്ചര്‍, ഫെയ്‌സ്ബുക്, ബ്ലൂം വെഞ്ചേഴ്‌സ് തുടങ്ങിയവയും ഇതില്‍ പങ്കാളികളായിരുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കാനും ആഗോള നിലവാരത്തിലുള്ള സംഘത്തെ വളര്‍ത്തിയെടുക്കാനുമായിരിക്കും പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തുക. നിക്ഷേപ സമാഹരണത്തില്‍ അണ്‍അക്കാഡമിക്ക് 145 കോടി ഡോളര്‍ മൂല്യമാണു നല്‍കിയിരുന്നത്.

ഏറ്റവും മികച്ച വിദഗ്ദ്ധരില്‍ നിന്നു പഠിച്ച് ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സൗകര്യം രാജ്യത്തെ വന്‍ നഗരങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അണ്‍അക്കാഡമി അതു എല്ലാവരിലേക്കും എത്തിക്കുന്നതിന് സഹായിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ അണ്‍അക്കാഡമി സഹ സ്ഥാപകന്‍ ഗൗരവ് മുഞ്ജാള്‍ പറഞ്ഞു. ഈ മുന്നേറ്റത്തിലേക്കുള്ള തങ്ങളുടെ പങ്കാളിയായി സോഫ്റ്റ്ബാങ്കിനെ സ്വാഗതം ചെയ്യാന്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയായ ക്യാറ്റിന് തയാറെടുക്കുന്നവര്‍ക്ക് സമഗ്ര പരിശീലന പരിപാടി അണ്‍അക്കാഡമി അവതരിപ്പിച്ചിട്ടുണ്ട്. ക്യാറ്റിന് പരീക്ഷാര്‍ഥികള്‍ക്കായി മോക്ക് ടെസ്റ്റുകളും ശില്‍പശാലകളും ഉള്‍പ്പെടെ മൂന്ന് തലത്തിലുള്ള പ്രോഗ്രാമാണ് അണ്‍അക്കാഡമി മുന്നോട്ടുവെയ്ക്കുന്നത്. ടി20 പ്രതിദിന ടെസ്റ്റ് സീരീസ്, മുഴുനീള മോക്ക് ടെസ്റ്റുകളുള്ള ക്യാറ്റ് ചാമ്പ്യന്‍ഷിപ്പ്, അണ്‍അക്കാഡമി ക്യാറ്റ് വര്‍ക്ക് ഷോപ്പുകള്‍ എന്നിവയാണ് മൂന്ന് പരിശീലന തലങ്ങള്‍.

2020 ഓഗസ്റ്റ് 24 മുതല്‍ 2020 ഒക്ടോബര്‍ നാലു വരെ വൈകിട്ട് 7 മുതല്‍ 8 വരെയാണ് ദ്രുതഗതിയിലുള്ളതും സമഗ്രവുമായ വിശകലനത്തിനായുള്ള ടി20 പ്രതിദിന പരീക്ഷണ പരമ്പര. ആഴ്ചതോറും 20 ചോദ്യങ്ങളടങ്ങിയ ഒരു മണിക്കൂര്‍ നീളുന്ന പരീക്ഷയുണ്ടാവും. ആഗസ്റ്റ് 29 മുതല്‍ നടക്കുന്ന ക്യാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സൗജന്യ മുഴുനീള മോക്ക് ടെസ്റ്റുകളാണ് ഉണ്ടാവുക. മൂന്ന് മണിക്കൂറായിരിക്കും ദൈര്‍ഘ്യം. ഓരോ ടെസ്റ്റിലെയും മികച്ച അഞ്ചു റാങ്കര്‍മാര്‍ക്ക് അണ്‍അക്കാഡമിയിലെ മികച്ച ക്യാറ്റ് അധ്യാപകരുമായി വ്യക്തിഗത ആശയവിനിമയത്തിന് അവസരമുണ്ടാവും. അണ്‍അക്കാഡമിക്യാറ്റ് വര്‍ക്ക്‌ഷോപ്പ്-അഡ്വാന്‍സ്ഡ് പ്രോഗ്രാം സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങി നവംബര്‍ 22 വരെ തുടരും.

Related Articles

© 2025 Financial Views. All Rights Reserved