
ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ കുടുങ്ങി ബോളിവുഡ് താരം സോനു സൂദ്. 20 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ് താരം നടത്തിയെന്ന് ആദായ നികുതി വകുപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്. മൂന്ന് ദിവസമായി താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളും ആയി സഹകരിച്ച് പ്രവര്‍ത്തിക്കും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സോനു സൂദിന്റെ വീട്ടില്‍ റെയിഡ് നടന്നത് എന്നത് ശ്രദ്ധേയമാണ്.
ആദായ നികുതി വെട്ടിപ്പിന് പുറമെ സോനു സൂദിന്റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനി വിദേശ രാജ്യങ്ങളില്‍ നിന്ന് തുക സമാഹരിച്ചെന്നും ആരോപണമുണ്ട്. എന്‍ജിഒയിലൂടെ 2.1 കോടി രൂപയോളം അനധികൃതമായി പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആരോപണം. സംശയകരമായ 20-ഓളം ഇടപാടുകള്‍ താരം നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു വാദം. വന്‍തുക വായ്പയായി എടുത്തെന്ന് പറയുന്ന കമ്പനികളില്‍ കടലാസു കമ്പനികളും ഉണ്ടത്രെ.
അതേസമയം സോനു സൂദിന് എതിരെയുള്ള സര്‍ക്കാരിന്റെ പകപോക്കല്‍ ആണിതെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. സോനു സൂദിന്റെ കമ്പനിയും ലക്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടത്തിയ ഇടപാടിന്റെ പേരില്‍ ആയിരുന്നു ആന്വേഷണം.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അവതരിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശ് കാ മെന്‍േറഴ്‌സ് എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സൂദിനെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടികള്‍. ആം ആദ്മി പാര്‍ട്ടിയിലേക്ക് സോനു സൂദ് ചേര്‍ന്നേക്കുമെന്ന പ്രചരണങ്ങള്‍ക്കിടയിലാണ് റെയിഡ്.എന്നാല്‍ ഇത് രാഷ്ട്രീയ പകപോക്കല്‍ അല്ലെന്നും തെളിവുണ്ടെന്നുമാണ് ബിജെപിയുടെ വാദം. കൊവിഡ് കാലത്തും അല്ലാതെയും ഒക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ് സോനു സൂദ്.