
ക്വാലാലംപൂര്‍: മലേഷ്യയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സോണി കമ്പനി തീരുമാനിച്ചു. രാജ്യത്തെ മറ്റൊരു പ്ലാന്റില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിപണിയിലെ സാഹചര്യങ്ങളും വളര്‍ച്ചയുടെ സാധ്യതകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് എപ്പോഴും തീരുമാനമെടുക്കുന്നതെന്ന് സോണി കമ്പനി പറഞ്ഞു.
മലേഷ്യയിലെ പെനാങിലെ ഫാക്ടറിയാണ് അടയ്ക്കുന്നത്. സെലങോറില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. അടുത്ത സെപ്തംബര്‍ 30 ഓടെ പ്ലാന്റിലെ പ്രവര്‍ത്തനം നിര്‍ത്തും. മാര്‍ച്ച് 2022 ഓടെ പ്ലാന്റ് പൂര്‍ണമായും അടയ്ക്കും. 3600 ഓളം തൊഴിലാളികളുടെ ജോലിയെ ഇത് പ്രതികൂലമായി ബാധിക്കും.
ഒരു വിഭാഗം ജീവനക്കാരെ സെലങോറിലേക്ക് മാറ്റും. ഇന്റ്റല്‍ കോര്‍പറേഷന്‍, പാനാസോണിക്, ഡെല്‍ ടെക്‌നോളജീസ് തുടങ്ങി നിരവധി കമ്പനികള്‍ക്ക് നിര്‍മ്മാണ കേന്ദ്രങ്ങളുള്ള സ്ഥലമാണ് പെനാങ്. 1973 ലാണ് സോണി പെനാങില്‍ ഫാക്ടറി തുറന്നത്. ഇവിടെ ഹോം ഓഡിയോ, നെറ്റ്വര്‍ക് വാക്മാന്‍, ഹെഡ്‌ഫോണ്‍, ബാറ്ററികള്‍ എന്നിവയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.