
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തിങ്കളാഴ്ച സബ്സ്‌ക്രിപ്ഷനായി തുറക്കും. ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ബോണ്ടുകളുടെ ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി സ്വര്‍ണം വാങ്ങുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അവര്‍ക്ക് ഇഷ്യു വില ഗ്രാമിന് 5,001 രൂപയാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2020-21-സീരീസ് ഢകക ന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഒക്ടോബര്‍ 16ന് അവസാനിക്കും.
അഞ്ചാം വര്‍ഷത്തിനുശേഷം എക്‌സിറ്റ് ഓപ്ഷനുമായി എട്ട് വര്‍ഷത്തേക്ക് മെച്യൂരിറ്റി കാലാവധിയാണ് ഗോള്‍ഡ് ബോണ്ടുകള്‍ക്കുള്ളത്. അന്നത്തെ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയായിരിക്കും വീണ്ടെടുക്കല്‍ വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണ്ണ വില ഗണ്യമായി കുറഞ്ഞ സമയത്താണ് ഈ ഏറ്റവും പുതിയ സീരിസ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഫ്യൂച്ചേഴ്‌സ് വിപണിയില്‍ 10 ഗ്രാമിന് 56,200 രൂപയാണ് നിലവിലെ സ്വര്‍ണ നിരക്ക്.
ഏറ്റവും പുതിയ സ്വര്‍ണ്ണ ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത് ലളിതമായ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ്. ഒക്ടോബര്‍ 07 മുതല്‍ ഒക്ടോബര്‍ 09 വരെയുള്ള വിലകളുടെ ശരാശരിയാണ് ഇഷ്യൂ വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നല്‍കുന്നത്.
ഭൗതിക സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമ്പത്തിക ലാഭത്തിലേക്ക് മാറ്റുന്നതിനുമായി 2015 നവംബറിലാണ് സോവറിന്‍ സ്വര്‍ണ്ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വര്‍ണ്ണമാണ്.
ബാങ്കുകള്‍ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (എന്‍എസ്ഇ, ബിഎസ്ഇ) എന്നിവയിലൂടെയാണ് സ്വര്‍ണ്ണ ബോണ്ടുകള്‍ വില്‍ക്കുക.
വാങ്ങുന്നയാള്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഭൌതികമല്ലാത്ത സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗോള്‍ഡ് ബോണ്ടുകള്‍ നിക്ഷേപകര്‍ക്ക് 2.50% വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിമാറ്റ് രൂപത്തില്‍ കൈവശം വച്ചാല്‍ നിക്ഷേപകന് സ്വര്‍ണം സംഭരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ഭൌതിക സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി ജിഎസ്ടി ലെവിയും ഇല്ല. മെച്യുരിറ്റി സമയത്ത് മൂലധന നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് നികുതി രഹിതമാണ്. സ്വര്‍ണ്ണ ബോണ്ടുകളില്‍ ലഭ്യമായ ഏറ്റവും മികച്ച ആനുകൂല്യമാണിത്.