
ന്യൂഡല്‍ഹി: പാപ്പരത്ത പ്രതിസന്ധി നേരിടുന്ന മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രം ഉടന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്‍സോള്‍വെന്‍സി ആന്‍ഡ് പാപ്പരത്വ കോഡ് പ്രകാരമുള്ള പ്രത്യേക പാപ്പരത്ത പ്രമേയത്തിന് അന്തിമരൂപം നല്‍കും.
കോഡിന്റെ സെക്ഷന്‍ 240 എ പ്രകാരം അറിയിക്കേണ്ട സ്‌കീമില്‍, ചെറുകിട ബിസിനസ്സുകള്‍ക്കായുളള പാപ്പരത്വ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പ് വ്യക്തമാക്കും. എസ്എംഇകള്‍ക്കുള്ള ഒരു പ്രധാന ഇളവ് കോഡിലെ സെക്ഷന്‍ 29 എയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട ബിസിനസുകളുടെ കാര്യത്തില്‍, കമ്പനിയുടെ ചുമതല ഏറ്റെടുക്കാന്‍ മറ്റ് നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ താല്‍പ്പര്യമുണ്ടാകാനുളള സാധ്യത കുറവായിരിക്കും, ഇത് ബിസിനസ്സിന്റെ പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പുതിയ പാപ്പരത്വ കോഡ് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.