
മുതിര്‍ന്ന പൗരന്മാര്‍ക്കായി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 14 ശതമാനം വരെ കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. മുതിര്‍ന്ന പൗരന്‍ ജനനത്തീയതി സഹിതമുള്ള സാധുവായ ഫോട്ടോ ഐഡി കൈവശം വയ്ക്കുകയും വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കുകയും വേണം. ഈ പ്രണയദിനത്തില്‍ പങ്കാളിയോടൊപ്പം പുതിയ സ്ഥലത്തേക്ക് യാത്ര ചെയുവാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരെയും ക്ഷണിക്കുന്നതായി സ്‌പൈസ്‌ജെറ്റ് ട്വീറ്റ് ചെയ്തു.
അതിനിടെ, സ്വിസ് കമ്പനിയായ ക്രെഡിറ്റ് സൂയിസുമായുള്ള കുടിശ്ശിക തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എയര്‍ലൈന്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റ് അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്കായി കാത്തിരിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തു.
സ്പൈസ് ജെറ്റിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ക്രെഡിറ്റ് സ്യൂസുമായുള്ള പ്രശ്നങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാന്‍ എയര്‍ലൈന്‍ ശ്രമിക്കുമെന്ന് ബെഞ്ചിനെ അറിയിച്ചു. എന്നിരുന്നാലും, സ്പൈസ് ജെറ്റ് മുന്നോട്ട് വച്ച ഓഫര്‍ പരാമര്‍ശിക്കാന്‍ പോലും യോഗ്യമല്ലെന്ന് ക്രെഡിറ്റ് സ്യൂസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ പറഞ്ഞു.
സ്പൈസ്ജെറ്റിന് മുന്നറിയിപ്പ് നല്‍കിയ ബെഞ്ച്, ക്രെഡിറ്റ് സ്യൂസിനും മറ്റുള്ളവര്‍ക്കും കുടിശ്ശിക അടയ്ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് പാപ്പരായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. കമ്പനി പിരിച്ചുവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സ്പൈസ് ജെറ്റ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ക്രെഡിറ്റ് സ്യൂസ് വിശദീകരണം അനുസരിച്ച്, സ്വിസ് കമ്പനിയുടെ 24 മില്യണ്‍ ഡോളറിലധികം ബില്ലുകള്‍ അടയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത പാലിക്കുന്നതില്‍ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടു. അടുത്തിടെ, സ്പൈസ് ജെറ്റ് ലിമിറ്റഡ് അവസാനിപ്പിക്കാനും ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ലിക്വിഡേറ്ററോട് കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ഉത്തരവിട്ട സിംഗിള്‍ ജഡ്ജിയുടെ 2021 ഡിസംബര്‍ 6 ലെ വിധി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു.