ദുരിതമവസാനിക്കാതെ ശ്രീലങ്ക; ഡീസല്‍ വാങ്ങാന്‍ പണമില്ല; 35 മില്യണ്‍ ഡോളര്‍ വായ്പയ്ക്ക് ശ്രമം

February 22, 2022 |
|
News

                  ദുരിതമവസാനിക്കാതെ ശ്രീലങ്ക; ഡീസല്‍ വാങ്ങാന്‍ പണമില്ല; 35 മില്യണ്‍ ഡോളര്‍ വായ്പയ്ക്ക് ശ്രമം

കൊളംബോ: ദുരിതമവസാനിക്കാതെ ശ്രീലങ്ക. ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഇപ്പോള്‍ ഈ ദ്വീപ് രാഷ്ട്രം. 40000 ടണ്‍ ഡീസല്‍ കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കെ കൊടുക്കാന്‍ 35 മില്യണ്‍ ഡോളറിന് വേണ്ടി വായ്പ ചോദിച്ചിരിക്കുകയാണ് രാജ്യത്തെ ഊര്‍ജ്ജ മന്ത്രി. നിലവില്‍ വളരെ കുറച്ച് ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്.

സാധാരണ 450 ദശലക്ഷം ഡോളറാണ് ശ്രീലങ്ക ഓരോ മാസവും ഇന്ധനത്തിനായി ചെലവാക്കാറുള്ളത്. ജനുവരി അവസാനത്തോടെ ഇത് 2.36 ബില്യണ്‍ ഡോളറായതോടെയാണ് പ്രതിസന്ധി. കൊളംബോ തീരത്ത് എത്തിയ കപ്പലില്‍ നിന്ന് കാശില്ലാത്തതിനാല്‍ ഡീസല്‍ കരയിലിറക്കാന്‍ കഴിയാതിരിക്കുകയാണ്.

തീരത്ത് എത്തിയ ഡീസല്‍ അടക്കം ആറ് ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആവശ്യത്തിന് വിദേശ നാണ്യശേഖരം ഇല്ലാത്തതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എണ്ണ വിതരണം നിയന്ത്രിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍. പെട്രോളിയം പമ്പുകള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ഇന്ധനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കൊളംബോ തീരത്തുള്ള ബഹ്‌റി തുലിപ് എന്ന ചരക്ക് കപ്പലില്‍ 42000 ടണ്‍ ഡീസലുണ്ടെന്നാണ് വിവരം. അനുമതിക്കായി കാത്തിരിക്കുകയാണ് കപ്പല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര ബാങ്കിനോടും ധനകാര്യ മന്ത്രാലയത്തോടും ഊര്‍ജ്ജ മന്ത്രി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ഇന്ധന വില വര്‍ധനവിനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തെ ധനകാര്യ മന്ത്രാലയവും കേന്ദ്ര ബാങ്കും ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

വിദേശ നാണ്യ പ്രതിസന്ധി തങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചതായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശ്രീലങ്കയിലെ ഉപസ്ഥാപനമായ ശ്രീലങ്ക ഐഒസിയുടെ അറിയിപ്പ്. ഇന്ന് 26 ദശലക്ഷം ഡോളര്‍ ഐഒസിക്ക് അടിയന്തിരമായി ആവശ്യമുണ്ട്. ഇന്ധന പ്രതിസന്ധി രാജ്യത്തെ വൈദ്യുതി വിതരണവും തടസത്തിലാക്കി. ഇന്നലെ രണ്ട് മണിക്കൂറാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു മണിക്കൂറായിരുന്നു പവര്‍ കട്ട്.

Related Articles

© 2025 Financial Views. All Rights Reserved