
കൊളംബോ: ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ഇന്ത്യയോട് 500 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ വാങ്ങാനൊരുങ്ങി ശ്രീലങ്ക. വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടായതോടെയാണ് വായ്പ വാങ്ങാനുള്ള നീക്കം ശ്രീലങ്ക തുടങ്ങിയത്. നിലവില്‍ ജനുവരി വരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് കൈവശമുള്ളതെന്ന് ശ്രീലങ്കയുടെ ഊര്‍ജ മന്ത്രി ഉദയ ഗാമന്‍പില വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
ഇന്ത്യ-ശ്രീലങ്ക ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി വായ്പ വാങ്ങാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ശ്രീലങ്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളുടെ ഊര്‍ജ സെക്രട്ടറിമാര്‍ തമ്മില്‍ വൈകാതെ കരാര്‍ ഒപ്പിടും. ശ്രീലങ്കയിലെ പൊതുമേഖ എണ്ണ കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന് രണ്ട് ബാങ്കുകളില്‍ നിന്നായി 3.3 ബില്യണ്‍ ഡോളര്‍ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്.
സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് ലങ്കയിലേക്കുള്ള എണ്ണ ഇറക്കുമതി നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ വിദേശനാണ്യ ശേഖരത്തില്‍ വലിയ ഇടിവാണ് ശ്രീലങ്കയില്‍ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയും വലിയ രീതിയില്‍ കുറഞ്ഞിരുന്നു.