രണ്ടു മാസത്തിനിടെ രണ്ടാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക

May 07, 2022 |
|
News

                  രണ്ടു മാസത്തിനിടെ രണ്ടാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളബോ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ പ്രഖ്യാപനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.

രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തിനായി പൊതു സുരക്ഷ ഉറപ്പാക്കാനും, അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താനുമാണ് രാജപക്‌സെയുടെ തീരുമാനമെന്ന് പ്രസിഡന്‍ഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും രാജി ആവശ്യപ്പെട്ട് ആഴ്ചകള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഗോതബായ രാജപക്സെയുടെ ഈ നടപടി. രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് നേരെ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് അത് പിന്‍വലിക്കുകയും ചെയ്തു.

അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കടുത്ത വിദേശ നാണ്യ പ്രതിസന്ധിയും ഇതുമൂലമുണ്ടായ വൈദ്യുതി മുടക്കവും ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം തീര്‍ന്നത് ഭക്ഷ്യ-ഇന്ധന ക്ഷാമത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു. ഇത് നിത്യ ജീവിതം ചെലവേറിയതാക്കി. സുപ്രധാന ഇറക്കുമതിക്ക് സര്‍ക്കാരിന് പണമില്ലാതായി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയും ഇന്ധനം, മരുന്നുകള്‍, വൈദ്യുതി വിതരണം എന്നിവയില്‍ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്തു.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം ഏപ്രിലില്‍ 29.8 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 18.7 ശതമാനമായിരുന്നു. രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം മാര്‍ച്ച് മാസം 30.21 ശതമാനം ആയിരുന്നുവെന്നും, ഏപ്രില്‍ ആയപ്പോഴേക്കും ഇത് 46.6 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറയണമെങ്കില്‍ ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറെങ്കിലും ശ്രീലങ്കയ്ക്ക് ആവശ്യമാണ്. വായ്പ ലഭ്യത സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുകയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിറുത്തി വെച്ചതിന് പിന്നാലെ പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കണമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved