
ഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് പിഴത്തുകയായി ചുമത്തേണ്ടത് എത്രയെന്ന് സംസ്ഠാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. റോഡപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വരുമാനം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം കൃത്യമായി പാലിക്കുന്നവര്‍ക്ക് പിഴയടയ്‌ക്കേണ്ടി വരില്ല. എന്നിരുന്നാലും പിഴഴയായി ഈടാക്കുന്ന തുക കുറയ്ക്കുന്നത് കൊണ്ട് ജനം നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി.
മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം നിയമലംഘനമുണ്ടായാല്‍ നേരത്തെയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടിയാണ് ഈടാക്കുക. സെപ്റ്റംബര്‍ ഒന്നു മുതലാണ് കനത്ത പിഴ ഈടാക്കാന്‍ ആരംഭിച്ചത്. നിയമലംഘനത്തിന് നേരത്തെയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ കനത്തപിഴ ഈടാക്കുന്നതിനെതിരേ പരാതികള്‍ വ്യാപകമായതോടെ പല സംസ്ഥാനങ്ങളും പുതിയ പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ പിഴത്തുക നേര്‍പകുതിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതേ നീക്കങ്ങള്‍ തമിഴ്നാട് സര്‍ക്കാരും തുടങ്ങിയിരുന്നു. ഇതിനിടെയാണ് പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ കേരളവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.