പൊതു-സ്വകാര്യ മേഖലയിലെ സ്റ്റീല്‍ പ്ലാന്റുകള്‍ 3131 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്തു

April 27, 2021 |
|
News

                  പൊതു-സ്വകാര്യ മേഖലയിലെ സ്റ്റീല്‍ പ്ലാന്റുകള്‍ 3131 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പലയിടത്തും മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊതു, സ്വകാര്യ മേഖലയിലെ സ്റ്റീല്‍ പ്ലാന്റുകള്‍ 2021 ഏപ്രില്‍ 25 ന് 3131.84 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ഏപ്രില്‍ 24 ന് 2894 ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് വിതരണം ചെയ്തിരുന്നത്. ആവശ്യം വര്‍ധിച്ചതോടെ ഒരാഴ്ച മുമ്പ്, ഓരോ ദിവസവും ശരാശരി 1500/1700 മെട്രിക് ടണ്‍ എന്ന നിലയില്‍ അയച്ചിരുന്നു. ഏപ്രില്‍ 25 ന് 3468.6 മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനമെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ അറിയിക്കുന്നു.
 
നൈട്രജന്‍, ആര്‍ഗോണ്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ കുറവു വരുത്തി, എല്‍എംഒ മാത്രം ഉല്‍പ്പാദിപ്പിക്കുന്നത് ഉള്‍പ്പടെ നിരവധി തയ്യാറെടുപ്പുകള്‍ നടത്തി എല്‍എംഓയുടെ വിതരണം വര്‍ധിപ്പിക്കാന്‍ മിക്ക സ്റ്റീല്‍ പ്ലാന്റുകള്‍ക്കും കഴിഞ്ഞു. സ്റ്റീല്‍ പ്ലാന്റുകള്‍ സാധാരണയായി എല്‍എംഒയുടെ 3.5 ദിവസത്തെ സുരക്ഷാ സ്റ്റോക്കുകള്‍ അവരുടെ സംഭരണ ടാങ്കുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്.

സ്റ്റീല്‍ നിര്‍മ്മാതാക്കളുമായുള്ള നിരന്തരമായ ഇടപെടലിലൂടെ, സുരക്ഷാ സ്റ്റോക്ക് മുമ്പത്തെ 3.5 ദിവസത്തിനുപകരം 0.5 ദിവസമായി കുറച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി എല്‍എംഒ വിതരണം ഗണ്യമായി വര്‍ദ്ധിച്ചു.സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ പ്ലാന്റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved