ഭക്ഷണശാലകളിലെ സര്‍വീസ് ചാര്‍ജ് അന്യായം; പ്രത്യേക നിയമം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

June 04, 2022 |
|
News

                  ഭക്ഷണശാലകളിലെ സര്‍വീസ് ചാര്‍ജ് അന്യായം; പ്രത്യേക നിയമം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഭക്ഷണശാലകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ്. അന്യായമായി ഉയര്‍ന്ന പണം ഈടാക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യോഗം വിളിച്ചു. യോഗത്തില്‍ ഹോട്ടല്‍ സര്‍വീസ് ചാര്‍ജ്ജ് എന്നത് ന്യായ രഹിതമാണെന്നും ഇതിനെതിരെ പ്രത്യേക നിയമ ചട്ടക്കൂട് സൃഷ്ടിക്കാനുള്ള നീക്കം ആരംഭിക്കുമെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ അറിയിച്ചു.

ഇത്തരം സര്‍വീസ് ചാര്‍ജുകള്‍ നിയമപരമാണെന്ന് റസ്റ്റോറന്റ് അസോസിയഷനില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുന്ന ഒന്നാണെന്നും ഇത്തരത്തില്‍ അമിത തുക ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 2017ല്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ ഭേദഗതി വരുത്താനാണ് സാധ്യത.

സര്‍വീസ് ചാര്‍ജ്ജുകള്‍ക്ക് പൂര്‍ണമായും വിലങ്ങിടുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പുറമേ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എച്ച്ആര്‍എഐ), മുംബൈ ഗ്രാഹക് ഉള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനിലേക്ക് ഉപഭോക്താക്കള്‍ വിളിച്ചറിയിച്ച പ്രധാന പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പണപ്പെരുപ്പത്തില്‍ പൊതുജനം നട്ടം തിരിയുമ്പോഴാണ് ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ബില്‍ തുകയുടെ 10 ശതമാനത്തോളം വരെ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ പേരുകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ചുമത്തുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ഇടപെട്ടത്. ഹോട്ടലുകള്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും നല്‍കാന്‍ വിസമ്മതിക്കുന്നവരോട് മോശമായി പെറുമാറുകയും ചെയ്യുന്നുവെന്നുള്ള പരാതികളും, ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകളും ധാരാളമായി പുറത്ത് വരുന്നുണ്ട്.

സാധാരണയായി ഒരു ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോള്‍ ഭക്ഷണവും, അവിടുത്തെ സേവനവും ഇഷടപ്പെട്ടാല്‍ പലരും ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. ഈ ടിപ്പിനെയാണ് പേരുമാറ്റി സര്‍വീസ് ചാര്‍ജാക്കി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ തുക ജീവനക്കാരന്റെ കയ്യിലേക്കല്ല ഉടമയുടെ പോക്കറ്റിലേക്കാണ് എത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോട്ടലുകളുടെ സേവനം കണക്കാക്കി ബില്ലിനു പുറമേ പണം നല്‍കണമോയെന്നത് ഉപഭോക്താക്കളുടെ തീരുമാനമാണെന്നാണ് ഉപഭോക്തൃകാര്യ വകുപ്പ് പറയുന്നത്.

ഉപഭോക്താക്കളുടെ പക്കല്‍ നിന്നും ഭക്ഷണത്തിന്റെ വില, നികുതി എന്നിവയല്ലാതെ ഒരു രൂപ പോലും ഈടാക്കാന്‍ ഹോട്ടലുകള്‍ക്ക് അനുമതിയില്ല. ഈടാക്കിയാല്‍ അത് 2017 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഹോട്ടലിനെ സംരക്ഷിക്കാനും ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്താനുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്നാണ് ഹോട്ടലുകളുടെ അഭിപ്രായം.

Related Articles

© 2025 Financial Views. All Rights Reserved