
കൊവിഡ് 19 മഹാമാരി മൂലം വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതി (വര്‍ക്ക് ഫ്രം ഹോം) പല കമ്പനികളും ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍, അധ്വാനിക്കുന്ന ജനസംഖ്യയുടെ സിംഹഭാഗവും (പ്രാഥമികമായി ടെക്കികള്‍) നഗരങ്ങള്‍ വിട്ട് സ്വന്തം പട്ടണങ്ങളിലേക്ക് മടങ്ങുകയാണ്. ഇത് സ്റ്റോറേജ് ഹൗസുകളുടെ ആവശ്യം വര്‍ധിപ്പിക്കുന്നു. അത്തരം സ്റ്റോറേജ് ഹൗസുകളില്‍ താരതമ്യേന കുറഞ്ഞ വാടകയ്ക്ക് വീട്ടുപകരണങ്ങളും ഓഫീസ് വസ്തുക്കളും സുരക്ഷിതമായി സംരക്ഷിക്കുന്നു. ഈ സേവനങ്ങള്‍ നല്‍കുന്ന സേഫ് സ്റ്റോറേജ്, സ്റ്റോറേജിയന്‍സ്, സ്റ്റോനെസ്റ്റ് സ്റ്റോറേജ്, ഓറഞ്ച് സേഫ് സ്റ്റോറേജ്, മൈ രക്ഷ തുടങ്ങിയ സ്ഥാപനങ്ങള്‍ ക്ലയന്റുകളുടെ വന്‍ വര്‍ധനവിനാണിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ദീര്‍ഘകാലത്തേക്ക് വിദേശത്തേക്ക് പോകുന്ന ആളുകള്‍ അല്ലെങ്കില്‍ വീടുകള്‍/ ഓഫീസുകള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കായാണ് ഈ സൗകര്യം ആരംഭിക്കുന്നത്. താല്‍ക്കാലികമായി വീടുകള്‍ മാറാനും, ഉയര്‍ന്ന പ്രതിമാസ വാടക ലാഭിക്കാനും, പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് കുറഞ്ഞ നാളുകള്‍ക്കെങ്കിലും നഗരത്തിന് പുറത്തേക്ക് പോകാനും ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള ഒരു പരിഹാരമാണ് സ്റ്റോറേജ് ഹൗസുകള്‍. ഹ്രസ്വ-ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ഗാര്‍ഹിക വസ്തുക്കള്‍, ഓഫീസ് ഉപകരണങ്ങള്‍, രേഖകള്‍, വാഹനങ്ങള്‍ എന്നിവ സുരക്ഷിതമായ വ്യക്തിഗത സംഭരണത്തില്‍ സൂക്ഷിക്കാന്‍ കമ്പനികള്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. പിക്ക് അപ്പ് സൗകര്യവും വ്യക്തിഗത ലോക്കര്‍ സംവിധാനവും 24 മണിക്കൂറിന്റെ സിസിടിവി നിരീക്ഷണവും ഇവര്‍ നല്‍കും.
വാസ്തവത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, റെസ്റ്റോറന്റുകള്‍, ജിമ്മുകള്‍, ചെറിയ ഐടി കമ്പനികള്‍, പ്ലേ സ്‌കൂളുകള്‍ എന്നിവ അവരുടെ പ്രതിമാസ വാടക കുറയ്ക്കുന്നതിന് ഈ സൗകര്യം ഉപയോഗിക്കുന്നു. മോഷണം, പ്രകൃതിദുരന്തങ്ങള്‍, തീപിടുത്തം എന്നിവയ്ക്കെതിരായ ഇന്‍ഷുറന്‍സ് പരിരക്ഷയും ആനുകാലിക കീടനിയന്ത്രണ സേവനങ്ങളും ഇവര്‍ നല്‍കുന്നു. '2 BHK യ്ക്കായി ഞാന്‍ 24,000 രൂപ പ്രതിമാസ വാടക നല്‍കുകയായിരുന്നു. പക്ഷേ, മാര്‍ച്ച് മുതല്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതും. അതിനാല്‍, ഞാന്‍ വീട്ടുപകരണങ്ങള്‍ സൂക്ഷിക്കുന്നതിനും എന്റെ ജന്മനാട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുന്നതിനും ഒരു സ്ഥലം തേടുകയായിരുന്നു,' അടുത്തിടെ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് കണ്ണൂരിലേക്ക് താമസം മാറ്റിയ ഒരു ഉപഭോക്താവ് പറയുന്നു. അവര്‍ ഓഫീസിലെത്തി ഞങ്ങളുടെ സാധനസാമഗ്രികള്‍ എടുത്തു. സംഭരണ സ്ഥലത്തേക്കുള്ള ഗതാഗത ചാര്‍ജായി 5,500 രൂപ ഞാന്‍ നല്‍കി. ഇപ്പോഴിതാ പ്രതിമാസ വാടകയായി ഞാന്‍ 2,891 രൂപ അടയ്ക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ഇത്തരമൊരു സേവനം വളരെ ലാഭകരമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.