
ന്യൂഡല്‍ഹി: ചൈനീസ് അതിസമ്പന്നനായ സോങ് ഷന്‍ഷന്‍ ലോകത്തിലെ ആറാമത്തെ വലിയ ധനികനായി ഉയര്‍ന്നു. ബ്ലൂംബെര്‍ഗ് കണക്ക് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഇദ്ദേഹത്തിന് 91.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ദിവസങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നേടിയ സോങ് കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ പണക്കാരനായ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ധനിക കിരീടം അണിഞ്ഞത്. 100 ബില്യണ്‍ ഡോളറിലേറെ ആസ്തിയുള്ളവരുടെ പട്ടികയിലേക്ക് ഇദ്ദേഹത്തിന് ഇനി അധികം ദൂരമില്ല.
ചൈനയിലെ കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിങിന്റെ ചെയര്‍മാനാണ് ഇദ്ദേഹം. ബീജിങ് വാന്റൈ ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസിന്റെ ചെയര്‍മാനുമാണ്. 2019 ല്‍ 1.2 ബില്യണ്‍ യുവാനായിരുന്നു ബീജിങ് വാന്റൈ ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസിന്റെ വരുമാനം. വാക്സിനുകളും ഹെപ്പറ്റൈറ്റിസ് ടെസ്റ്റ് കിറ്റുമാണ് ഈ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.
ചൈനയിലെ ഹാങ്സൂ സിറ്റിയിലാണ് ജനനം. രാജ്യത്തെ സാംസ്‌കാരിക വിപ്ലവ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് നിര്‍മ്മാണ തൊഴിലാളിയും മദ്യ വില്‍പ്പനക്കാരനും റിപ്പോര്‍ട്ടറുമായ അദ്ദേഹം പിന്നീട് സ്വന്തം ബിസിനസ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 71 ബില്യണ്‍ ഡോളറിന്റെ ആസ്തി വളര്‍ച്ചയാണ് ഈ 66കാരന്‍ നേടിയത്.
1996 ലാണ് നോങ്ഫു സ്പ്രിങ് ആരംഭിച്ചത്. പിന്നീട് ചൈനയിലെ ഏറ്റവും വലിയ ബിവറേജ് കമ്പനിയായി ഇത് മാറി. 24 ബില്യണ്‍ യുവാന്‍ വരുമാനമാണ് കമ്പനിക്ക് 2019 ല്‍ ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഓഹരി വിപണികളില്‍ നേടിയ വന്‍ മുന്നേറ്റമാണ് ഇദ്ദേഹത്തിന് അതിസമ്പന്നരുടെ പട്ടികയില്‍ വന്‍ മുന്നേറ്റം നേടിക്കൊടുത്തത്.
നോങ്ഫു സ്പ്രിങ് കമ്പനിയുടെ ഐപിഒ ഹോങ്കോങ് സ്റ്റോക് എക്സ്ചേഞ്ചില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. ഓഹരി വിലയില്‍ 155 ശതമാനം കുതിപ്പുണ്ടായി. അതേസമയം വാക്സിന്‍ കമ്പനിയുടെ ഓഹരികളില്‍ 2500 ശതമാനം വളര്‍ച്ചയാണ് നേടാനായത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരി സോങ് ക്സിയാക്സിയോ, ഭാര്യയുടെ മൂന്ന് സഹോദരങ്ങള്‍ എന്നിവര്‍ക്ക് നോങ്ഫുയില്‍ 1.4 ശതമാനം വീതം ഓഹരിയുണ്ട്.