
ബംഗളുരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി ഓണ്‍ലൈന്‍ സ്ഥാപനം സ്വിഗ്വിയുടെ പാരന്റ് കമ്പനി ബണ്ടില്‍ ടെക്‌നോളജീസ് അഞ്ച് മടങ്ങ് നഷ്ടത്തില്‍. 2019 സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2,363 കോടിയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 397 കോടിരൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇതാണ് കുത്തനെ വര്‍ധിച്ചിരിക്കുന്നത്. അതേസമയം
ഭക്ഷ്യ വിതരണ വിഭാഗത്തിലെ കുതിപ്പിന് കമ്പനി സ്വിഗ്വിയോട് നന്ദിപറയേണ്ടി വരും.കാരണം, സ്വിഗ്ഗിയുടെ വരുമാനം FY19 ല്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വിഗ്ഗിയുടെ പ്രവര്‍ത്തന വരുമാനം 441.99 കോടിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 1,128 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ ഫുഡ്ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വിഗ്വിയുടെ ആധിപത്യം തുടരുകയാണെന്ന് കണക്കുകള്‍ പറയുന്നു. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓര്‍ഡറുകളില്‍ 4.2 മടങ്ങായി വളര്‍ന്ന് റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ഒരുദിവസം 1.4 മില്യണ്‍ ഓര്‍ഡറുകളാണ് സ്വിഗ്വി കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് വഴി 113 കോടിരൂപ നഷ്ടമായിട്ടുണ്ട്. ചെലവുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യവിതരണത്തിന് കമ്പനി 1593 കോടിരൂപയും ശമ്പളങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി 423 കോടിരൂപയും ചെലവിടുന്നുണ്ട്.
മൊത്തത്തില്‍, സ്വിഗ്ഗി സാമ്പത്തിക വര്‍ഷത്തില്‍ 4491 കോടി രൂപ ചെലവഴിച്ചു, അതേസമയം ഭക്ഷ്യ വിതരണത്തിന് മാത്രം കമ്പനി വര്‍ഷം മുഴുവന്‍ സമ്പാദിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവായി.മാത്രമല്ല, മാര്‍ക്കറ്റിംഗ്, പരസ്യം മേഖലയിലേക്കുള്ള ചെലവ് 80% വര്‍ദ്ധിപ്പിച്ചു. സ്വിഗ്ഗി പരസ്യ, വിപണന പ്രവര്‍ത്തനങ്ങള്‍ക്കായി 778 കോടി രൂപ ചെലവഴിച്ചു, കഴിഞ്ഞ വര്‍ഷം ഇത് 154.85 കോടി രൂപയായിരുന്നു, ഇത് നഷ്ടത്തിന്റെ വര്‍ദ്ധനവ് വ്യക്തമാക്കുന്നു.