
ബെംഗളുരു: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായി സ്വിഗ്ഗി ക്ലൗഡ് കിച്ചണ്‍ ടീമിലെ എണ്ണം കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. സ്വിഗ്ഗിയുടെ സ്വകാര്യ ബ്രാന്‍ഡ് കിച്ചണ്‍ ടീമില്‍ തൊഴിൽ വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കുന്നത് സംബന്ധിച്ചും, ഏതാനും ചില സെന്ററുകളില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും ഭൂവുടമകളുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് സൂചന.
കോവിഡ് പ്രതിസന്ധിയില്‍ റെസ്റ്റൊറന്റ് മേഖലയില്‍ വന്‍ തോതില്‍ തകര്‍ച്ചയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടുത്ത മാസം ഈ സ്വകാര്യ ബ്രാന്‍ഡ് ബിസിനസ് ടീമില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കുക. ക്ലൗഡ് കിച്ചണ്‍ പ്ലാറ്റ്‌ഫോമില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് സ്വിഗ്ഗി വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും എത്ര ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചുപൂട്ടല്‍ നീട്ടിയ സാഹചര്യത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും ലാഭക്ഷമതയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചെലവ് ചുരുക്കല്‍ നടപടികളില്‍ ശ്രദ്ധ ചെലുത്തുമെന്ന് സ്വിഗ്ഗി വക്താവ് വ്യക്തമാക്കി. കമ്പനിയുടെ തീരുമാനം ഏതാനും ചില ക്ലൗഡ് കിച്ചണ്‍ ജീവനക്കാരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സ്വിഗ്ഗിയുടെ പ്രതിമാസ ചെലവ് അടുത്ത ഏതാനും പാദങ്ങളില്‍ അഞ്ച് ദശലക്ഷം ഡോളറില്‍ കുറയ്ക്കാനാണ് കമ്പനി പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 40 ദശലക്ഷം ഡോളറായിരുന്നു. അടുത്ത 20-24 മാസങ്ങളിലേക്ക് ചെലവ് ഗണ്യമായി കുറയ്ക്കാനാണ് നീക്കം. നിലവില്‍ സ്വിഗ്ഗിയിടെ പ്രതിമാസ ചെലവ് ഏതാണ്ട് 20 ദളലക്ഷം ഡോളറാണ്.