യുഎസ് ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടേക്കും; ജി7 ഉച്ചകോടിക്കിടെയുള്ള 'മോദി കൂടിക്കാഴ്ച്ച'യില്‍ ആവശ്യങ്ങള്‍ നിരത്താന്‍ അമേരിക്കന്‍ പ്രസിഡന്റ്

August 24, 2019 |
|
News

                  യുഎസ് ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടേക്കും; ജി7 ഉച്ചകോടിക്കിടെയുള്ള 'മോദി കൂടിക്കാഴ്ച്ച'യില്‍ ആവശ്യങ്ങള്‍ നിരത്താന്‍ അമേരിക്കന്‍ പ്രസിഡന്റ്

ജനീവ: യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി ചുങ്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന വേളയിലാണ് ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച്ചയിലേക്ക് ഏവരുടേയും ശ്രദ്ധ തിരിയുന്നത്. നികുതിയില്‍ ഇളവ് വരുത്തണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. 

ലോക വ്യാപാര സംഘടനയില്‍ വരേണ്ട പരിഷ്‌കാരങ്ങളെ പറ്റിയുള്ള അമേരിക്കയുടെ നിര്‍ദ്ദേശം ക്രിയാത്മകമായി പരിഗണിക്കുക എന്നും ട്രംപ് ആവശ്യം മുന്നോട്ട് വെക്കുന്നു. ഇത് പ്രാബല്യത്തില്‍ വന്നാല്‍ വ്യത്യസ്തമായ വഴക്കങ്ങള്‍ നേടുന്നതില്‍ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ മാറ്റി നിര്‍ത്താനുള്ള സാധ്യതയും തുറന്നേക്കും. ജി 7 ഉച്ചകോടിയ്ക്ക് മുന്‍പേ തന്നെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. 

എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മാത്രമേ ഇടപെടൂ എന്ന് അമേരിക്ക ഇതിനു പിന്നാലെ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന ട്രംപിന്റെ പ്രസ്താവനയെ മയപ്പെടുത്തുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. മധ്യസ്ഥതയടക്കം പ്രശ്‌നത്തില്‍ വഹിക്കാന്‍ തയ്യാറാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കുന്നു.

''ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും പ്രസിഡന്റ് ട്രംപ് പറഞ്ഞത്. കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നിരിക്കേ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ പ്രസിഡന്റ് ഇതില്‍ മധ്യസ്ഥത വഹിക്കുകയോ സഹായം നല്‍കുകയോ ചെയ്യൂ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടാകണമെന്നതാണ് അമേരിക്കയുടെ താത്പര്യം'', യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved