എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പിന് കഴിയില്ല; കരാറിലെ നിബന്ധന ഇങ്ങനെ

October 09, 2021 |
|
News

                  എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പിന് കഴിയില്ല; കരാറിലെ നിബന്ധന ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് സ്വന്തമായിരിക്കുകയാണ്. 18000 കോടിക്കാണ് 68 വര്‍ഷം മുന്‍പ് ദേശസാത്കരിച്ച വിമാനക്കമ്പനിയെ ടാറ്റ തിരിച്ചുപിടിക്കുന്നത്. നേരത്തെ ടാറ്റ എയര്‍ലൈന്‍സായിരുന്നു. കൊവിഡ് മൂലമുള്ള പ്രതിസന്ധി ആഗോള തലത്തില്‍ എയര്‍ലൈനുകളെയെല്ലാം ബാധ്യതയിലേക്ക് തള്ളിവിടുമ്പോഴാണ് ടാറ്റ എയര്‍ ഇന്ത്യയെ വാങ്ങുന്നത്. ഭാവിയിലും നഷ്ടമുയര്‍ന്നാല്‍ ടാറ്റയ്ക്ക് എയര്‍ ഇന്ത്യയെ വിദേശ കമ്പനിക്ക് വില്‍ക്കാനാവില്ലേ എന്നെല്ലാം ഇപ്പോള്‍ ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ അതിന് സാധിക്കില്ലെന്നതാണ് ഈ കരാറിലെ പ്രധാന ഉടമ്പടി.

സാമ്പത്തിക കാര്യ കാബിനറ്റ് സമിതിരൂപീകരിച്ച കേന്ദ്രമന്ത്രിമാരായ ആഭ്യന്തര മന്ത്രി, നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്ന 'എയര്‍ ഇന്ത്യ സ്‌പെസിഫിക് ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം' സമിതിയാണ് വിമാനക്കമ്പനിയെ വില്‍ക്കാന്‍ തീരുമാനമെടുത്തത്. ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാലാസ് സമര്‍പ്പിച്ച ഏറ്റവും ഉയര്‍ന്ന ലേല തുകയ്ക്ക് എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ സമിതി അംഗീകാരം നല്‍കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയിലുള്ള എയര്‍ ഇന്ത്യയുടെ ഓഹരിയടക്കം കേന്ദ്ര സര്‍ക്കാരിന്റെ 100 ശതമാനം ഓഹരിയും ടാലാസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. എയര്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് മൂല്യമായി 18,000 കോടി രൂപയാണ് ലേല തുകയായി ടാലാസ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ചത്. 14718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉള്‍പ്പടെ നോണ്‍-കോര്‍ ആസ്തികള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നില്ല. അവ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറും.

എന്നാല്‍ കമ്പനിയെ അങ്ങിനെയൊന്നും വില്‍ക്കാന്‍ ടാറ്റയ്ക്ക് സാധിക്കില്ല. അതുമായി ബന്ധപ്പെട്ട് കരാറില്‍ പറയുന്നത് ഇങ്ങിനെയാണ്. അടുത്ത അഞ്ച് വര്‍ഷം വരെ ടാറ്റയ്ക്ക് എയര്‍ ഇന്ത്യയെന്ന ബ്രാന്റ് മറിച്ചുവില്‍ക്കാനാവില്ല. അതുകഴിഞ്ഞ് കമ്പനിക്ക് വില്‍ക്കാന്‍ സാധിക്കുമെങ്കിലും വിദേശ കമ്പനിക്ക് വില്‍ക്കാനാവില്ല. ഇന്ത്യാക്കാരനായ ഒരു വ്യക്തിക്ക് മാത്രമേ ഇത് വില്‍ക്കാനാവൂ. എയര്‍ ഇന്ത്യ എന്ന ബ്രാന്റിന്റെ ഉടമസ്ഥത ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താനാണിത്.

ഇപ്പോള്‍ എയര്‍ ഏഷ്യയുമായി ചേര്‍ന്ന് വിസ്താര എന്ന വിമാനക്കമ്പനി നടത്തുന്ന ടാറ്റ ഗ്രൂപ്പിന് പുതിയ വളര്‍ച്ചയാണ് കൈവന്നിരിക്കുന്നത്. ജെആര്‍ഡി ടാറ്റയുടെ പേരും പ്രശസ്തിയും ഉയര്‍ത്തിയ പഴയ പ്രതാപകാലത്തേക്ക് ടാറ്റയുടെ എയര്‍ലൈന്‍ ബിസിനസിനെ ഉയര്‍ത്തിക്കൊണ്ടുപോകുമെന്നാണ് രത്തന്‍ ടാറ്റ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved