
മുംബൈ: ടാറ്റാ ഗ്രൂപ്പ് ഇപ്പോള്‍ പുതിയ തീരുമാനങ്ങളെടുത്തെന്നാണ് വിവരം. ടാറ്റാ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട കമ്പനികളായ ടാറ്റാ ഗ്ലോബല്‍ ബിവ്റെജസും(ടിജിബിഎല്‍) ടാറ്റാ കെമിക്കല്‍സും ചേര്‍ന്ന് എഫ്എംസിജി ബിസിനസുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിഭാഗം കമ്പനികളുടെയും ഡയറക്ടറേറ്റ് ബോര്‍ഡംഗങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഉപഭോക്തൃ ഉത്പ്പന്നങ്ങളുടെ ബിസിനസിനെ പൂര്‍ണമായും ടിജിബിഎലിനു കീഴില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ പ്രധാന അജണ്ടയായി വന്നത്. ലയനത്തിലൂടെ 5,000 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് എന്ന പേരിലാകും കമ്പനി ഇനി മുതല്‍ അറിയപ്പെടുക. അതേസമയം കമ്പനിയുടെ വരുമാനത്തിലെ 45 ശതമാനം പങ്കും ഇന്ത്യയില്‍ നിന്നാണ് ലഭിക്കുന്നത്. വിപണിയില്‍ ടാറ്റയുടെ സാന്നിധ്യം ശക്തിപ്പടുത്തുക എന്നതാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ലയനം കമ്പനിക്ക് ഉണര്‍വേകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
കമ്പനിക്കകത്തുള്ള വ്യത്യസ്ത ബിസിനസ് സംരംഭങ്ങളെയും, ഒരേ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത കമ്പനികളെയും ലയിപ്പിക്കാനുള്ള നടപടിയാണ് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ അജണ്ടയിലുള്ളത്. ഭക്ഷ്യ ഉത്പ്പന്നങ്ങളും, ബിവറേജസ് ബിസിനസുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക എന്ന ലഷ്യമാണ് ടാറ്റാ ഗ്രൂപ്പ് ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം ടാറ്റാ കെമിക്കല്‍സിനു കീഴിലുള്ള ഉപ്പ്, ധാന്യങ്ങള്‍, കറിക്കൂട്ടങ്ങള്‍ എന്നിവ പ്രധാനമായും കൈകാര്യം ചെയ്യുക ടാറ്റാ കെമിക്കല്‍സ് ആയിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.