
ന്യൂഡല്‍ഹി: ബിഗ് ബാസ്‌കറ്റിന്റെ 64.3 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഡിജിറ്റലിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുവാദം ലഭിച്ചു. ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും കമ്പനിയുടെ മേല്‍നോട്ട ചുമതലയടക്കം ടാറ്റ ഡിജിറ്റല്‍ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ് റീടെയ്ല്‍ കണ്‍സെപ്റ്റ്‌സ് എന്ന ബിഗ് ബാസ്‌കറ്റിനെ നയിക്കുന്ന കമ്പനിയുടെ നിയന്ത്രണം തന്നെ സൂപ്പര്‍മാര്‍ക്കറ്റ് ?ഗ്രോസറി സപ്ലൈസ് എന്ന കമ്പനിക്കാവും.
ഓണ്‍ലൈന്‍ ഗ്രോസറി മാര്‍ക്കറ്റില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ബിഗ് ബാസ്‌കറ്റ്. ഒരു ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ, ആമസോണ്‍, റിലയന്‍സ്, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ സണ്‍സിന് സാധിക്കും. ടാറ്റ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റല്‍ ലിമിറ്റഡാണ് ബിഗ് ബാസ്‌കറ്റില്‍ നിക്ഷേപം നടത്തുന്നത്.
കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടര്‍ന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സണ്‍സിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് വന്‍ ആവശ്യക്കാരുണ്ടായി. റിലയന്‍സിന്റെ ജിയോ മാര്‍ട്ടിലേക്ക് വലിയ നിക്ഷേപങ്ങള്‍ വന്നതും ടാറ്റ സണ്‍സിന്റെ തിരക്കിട്ട ആലോചനകള്‍ക്ക് കാരണമായിരുന്നു.