
ഡല്‍ഹി: പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന്. 861.90 കോടി രൂപയ്ക്കാണ് കരാര്‍ ടാറ്റ ഒപ്പിടുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ലേല തുക പരിശോധിച്ചിരുന്നു. ലാര്‍സെന്‍ ആന്റ് ടോബ്രോ ലിമിറ്റഡ് ആയിരുന്നു തൊട്ടുപിന്നില്‍. 865 കോടി രൂപയാണ് അവര്‍ കരാറിന് ആവശ്യപ്പെട്ടത്. അതിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതോടെ സ്വാഭാവികമായും ടാറ്റ പ്രൊജക്ടിന് കരാര്‍ ലഭിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹല്‍ഹി സെന്‍ട്രല്‍ വിസ്ത ഡെവലപ്മെന്റ് പ്രോജക്റ്റ് മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ കേന്ദ്രമായുള്ള മൂന്ന് നിര്‍മാണ കമ്പനികളാണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ പട്ടികയില്‍ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എല്‍ആന്റ്ടി, ടാറ്റ പ്രൊജക്ട്, ഷപൂര്‍ജി പാലന്‍ജി ആന്റ് കമ്പനി എന്നിവയായിരുന്നു അവ. ത്രികോണ ആകൃതിയിലായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരം.
സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് രാഷ്ട്രപതി ഭവനില്‍ നിന്നും ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മൂന്ന് കിലോമീറ്റര്‍ ഉള്‍പ്പെടുന്ന മേഖലയുടെ വികസന പദ്ധതിയാണ്. ഗുജറാത്ത് കേന്ദ്രമായുള്ള ആര്‍കിടെക്ചര്‍ കമ്പനിയായ എച്ച്‌സിപി ഡിസൈനേഴ്‌സ് ആണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നത്. 900 മുതല്‍ 1200 വരെ എംപിമാര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കാന്‍ പോകുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം സമീപ ഭാവിയില്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി പഠിച്ചാണ് നിര്‍മാണം. 2022 ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാജ്യം 75ാം സ്വാതന്ത്ര ദിനാഘോഷത്തിലേക്കു കടക്കുമ്പോള്‍ പുതിയ മന്ദിരം പ്രകാശിപ്പിക്കാനാകുമെന്നതാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.