
പാസഞ്ചര്‍ വാഹന ബിസിനസ്സ് പ്രത്യേക കമ്പനിയാക്കി മാറ്റാന്‍ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മാര്‍ച്ച് 5 ന്, കമ്പനിയുടെ ഓഹരി ഉടമകള്‍ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് ടി എം എല്‍ ബിസിനസ് അനലിറ്റിക്‌സ് സര്‍വീസസ് ലിമിറ്റഡിലേക്ക് മാറ്റുന്ന തീരുമാനത്തെ അംഗീകരിച്ച് വോട്ടുചെയ്തു. ടാറ്റാ ഗ്രൂപ്പിന്റെ പാസഞ്ചര്‍ വാഹന ബിസിനസിന്റെ മൂല്യം 9,417 കോടി ആണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം 2,15,41,38,392 വോട്ടുകള്‍ പോള്‍ ചെയ്തു, അതില്‍ 2,15,32,39,294 വോട്ടുകള്‍ പ്രമേയത്തെ അനുകൂലിച്ചു, മൊത്തം വോട്ടുകളുടെ 99.958 ശതമാനമായിരുന്നു ഇത്. 8,99,098 വോട്ടുകള്‍ (0.042 ശതമാനം) പ്രമേയത്തെ എതിര്‍ത്തു. പൊതു സ്ഥാപന ഓഹരി ഉടമകളുടെ കാര്യത്തില്‍, മൊത്തം 68,86,10,054 വോട്ടുകള്‍ അനുകൂലമായി പോള്‍ ചെയ്യപ്പെട്ടു, പ്രമേയത്തെ ആരും എതിര്‍ത്തില്ല, റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു.
പൊതുസ്ഥാപനേതര ഓഹരി ഉടമകളുടെ വിഭാഗത്തില്‍ 15,20,76,906 വോട്ടുകളില്‍ 15,11,77,808 വോട്ടുകള്‍ (99.409 ശതമാനം) അനുകൂലവും 8,99,098 വോട്ടുകള്‍ (0.591 ശതമാനം) നയത്തെ എതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റിനെ ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റുമെന്നും തന്ത്രപരമായ പങ്കാളിത്തം തേടുമെന്നും പ്രഖ്യാപിച്ചിരുന്നു.
മൊത്തത്തിലുള്ള ബിസിനസ്സ് പുന:സംഘടന പദ്ധതിയുടെ ഭാഗമായും പാസഞ്ചര്‍ വാ?ഹന ബിസിനസ്സിന്റെയും അതിന്റെ താല്‍പ്പര്യങ്ങളുടെയും മികച്ച നടത്തിപ്പ്, വളര്‍ച്ച, വികസനം എന്നിവയ്ക്കായി ബിസിനസ്സ് പുന: ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് ടാറ്റ മോട്ടോഴ്‌സ് അഭിപ്രായപ്പെട്ടു. പാസഞ്ചര്‍ വാഹന, വാണിജ്യ വാഹന ബിസിനസുകള്‍ക്ക് വെവ്വേറെ ഫോക്കസ് നല്‍കുന്നതിന് ഇത് സഹായിക്കുകയും ബിസിനസ്സ് മൂല്യം അണ്‍ലോക്കുചെയ്യുകയും ഓരോ ബിസിനസ്സിലും മാനേജ്‌മെന്റ് ശ്രദ്ധയോടെ പ്രവര്‍ത്തന സൗകര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.