
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ടാറ്റ മോട്ടോര്‍സിന് നേട്ടം. ബുധനാഴ്ച്ച വ്യാപാരത്തില്‍ കഴിഞ്ഞ ഒന്‍പതു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരം തൊടാന്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ക്ക് സാധിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 9.49 ശതമാനം നേട്ടത്തോടെ 173 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കഴിഞ്ഞ ഒരുമാസംകൊണ്ട് 10 ശതമാനം നേട്ടം കുറിക്കാനും ടാറ്റ മോട്ടോര്‍സിന് കഴിഞ്ഞു.
നേരത്തെ, ജൂലായ് - സെപ്തംബര്‍ പാദത്തില്‍ ഭേദപ്പെട്ട പ്രവര്‍ത്തന മികവ് കമ്പനി കാഴ്ച്ചവെച്ചിരുന്നു. 12.5 ശതമാനത്തിലാണ് കമ്പനിയുടെ ഏകീകൃത മാര്‍ജിന്‍ എത്തിനിന്നത്. ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറാകട്ടെ, 11.1 ശതമാനം ഏകീകൃത മാര്‍ജിന്‍ രേഖപ്പെടുത്തി.
കഴിഞ്ഞ പാദത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നിന്നും മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ (നികുതിയ്ക്കും പലിശയ്ക്കും മുന്‍പുള്ളത്) കമ്പനിക്ക് സാധിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ കാര്യമായ ചിലവ് ചുരുക്കല്‍ നടപടികള്‍ ടാറ്റ നടത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും കമ്പനി കൂടുതല്‍ ശക്തമാക്കി. ടാറ്റ മോട്ടോര്‍സിന്റെ പ്രവര്‍ത്തന മികവ് വര്‍ധിക്കുന്നതില്‍ ഈ നീക്കം നിര്‍ണായകമായി. പ്രവര്‍ത്തന മൂലധന ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചതിന് പുറമെ സ്വതന്ത്ര പണമിടപാട് (ഫ്രീ ക്യാഷ് ഫ്ളോ) ഉറപ്പുവരുത്താനും ടാറ്റയ്ക്ക് കഴിഞ്ഞെന്ന് ഇവിടെ എടുത്തുപറയണം. 6,700 കോടി രൂപയാണ് ഈ ഇനത്തില്‍ കമ്പനി കുറിച്ചത്.
എന്തായാലും വരുംനാളുകള്‍ ശോഭനമാകുമെന്നാണ് ടാറ്റ മോട്ടോര്‍സിന്റെ പ്രതീക്ഷ. കാരണം വിപണിയില്‍ പണമൊഴുക്ക് സാധരണനിലയിലേക്ക് വരികയാണ്. ഒപ്പം വാഹന ഡിമാന്‍ഡും മെച്ചപ്പെടുന്നു. ഉത്സവകാലം കൂടി കടന്നുവരുന്നതോടെ ആഭ്യന്തര വിപണിയില്‍ വാഹനവില്‍പ്പന പഴയപടിയാകുമെന്ന കണക്കുകൂട്ടലിലാണ് ടാറ്റ. പക്ഷെ ഇക്കാര്യത്തില്‍ ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പിക്ക് അഭിപ്രായം മറ്റൊന്നാണ്.
പ്രതീക്ഷിച്ചതിലും പതുക്കെയാണ് ടാറ്റ മോട്ടോര്‍സ് വരുമാനം കണ്ടെത്തുന്നത്. അതുകൊണ്ട് 2021, 2022 സാമ്പത്തികവര്‍ഷങ്ങളില്‍ ടാറ്റയുടെ വളര്‍ച്ച മന്ദഗതിയില്‍ തുടരും. പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുന്‍പുള്ള വരുമാനത്തില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കാം. ബ്രെക്‌സിറ്റ് വിഷയത്തില്‍ നീക്കുപോക്കുണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷങ്ങളാവുമെന്ന് എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കുന്നു. നടപ്പു വര്‍ഷം ആദ്യപാദം ടാറ്റയുടെ വാണിജ്യ വാഹന വില്‍പ്പന 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ ഡിമാന്‍ഡുകുറവുംതന്നെ ഇതിന് കാരണം.