
മുംബൈ: മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് കാഴ്ചവെച്ചത്. ജനുവരി-മാര്‍ച്ച് കമ്പനിയുടെ വില്‍പ്പന കാര്യമായി മെച്ചപ്പെട്ടു. ഈ പ്രതീക്ഷ പേറിയാണ് നിക്ഷേപകര്‍ ചൊവാഴ്ച്ച ടാറ്റയുടെ സാമ്പത്തിക ഫലമറിയാന്‍ കാത്തുനിന്നത്. പക്ഷെ കണക്കുകള്‍ പുറത്തുവന്നപ്പോഴോ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ കമ്പനിക്ക് സംഭവിച്ചത് 7,605 കോടി രൂപയുടെ നഷ്ടം!
ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ബ്രിട്ടീഷ് ആഢംബര വാഹന ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആസ്തികള്‍ എഴുതിത്തള്ളിയതാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. നേരത്തെ, ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ 2,774 കോടി രൂപയുടെ അറ്റാദായവും 87,517.8 കോടി രൂപയുടെ വരുമാനവും ടാറ്റ മോട്ടോര്‍സ് കുറിക്കുമെന്ന് പ്രവചിച്ചിരുന്നു.
മാര്‍ച്ച് പാദത്തില്‍ 9,606.1 കോടി രൂപയുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആസ്തികളാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍ എഴുതിത്തള്ളിയത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുനഃക്രമീകരണ ചിലവുകള്‍ക്കായി നീക്കിവെച്ച 5,388.2 കോടി രൂപയ്ക്ക് പുറമെയാണിത്. മൊത്തത്തിലുള്ള ചിത്രം വിലയിരുത്തിയാല്‍ നാലാം പാദത്തില്‍ ആഢംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ടാറ്റയ്ക്ക് ഏകേദേശം 15,000 കോടി രൂപയുടെ നഷ്ടം വരുത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലത്തും 9,894.2 കോടി രൂപയുടെ നഷ്ടം ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ കമ്പനിക്ക് സംഭവിച്ചിരുന്നു.
എന്തായാലും ഇത്തവണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ടാറ്റ മോട്ടോര്‍സിന്റെ വരുമാനം 88,628 കോടി രൂപയിലെത്തി; 42 ശതമാനം വര്‍ധനവ്. കഴിഞ്ഞതവണ വരുമാനം 62,492 കോടി രൂപയായിരുന്നു. ടാറ്റ മോട്ടോര്‍സിന്റെ മാത്രം ചിത്രം പരിശോധിച്ചാല്‍ കമ്പനി 1,646 കോടി രൂപ അറ്റാദായം പിടിച്ചത് കാണാം. കൃത്യം ഒരു വര്‍ഷം മുന്‍പ് 4,871 കോടി രൂപ നഷ്ടത്തിലാണ് ടാറ്റ മോട്ടോര്‍സ് മാര്‍ച്ച് പാദം പിന്നിട്ടത്.
2020-21 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 13,395 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 11,975 കോടി രൂപയായിരുന്നു. ഇന്ത്യയടക്കം കോവിഡ് വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന വിപണികളില്‍ കാര്യമായ വില്‍പ്പന, വിതരണ പ്രതിസന്ധികള്‍ ടാറ്റ മോട്ടോര്‍സ് നേരിടുന്നുണ്ട്. ഡിമാന്‍ഡ് മെച്ചപ്പെട്ടാലും ഘടകങ്ങളുടെ ഉത്പാദനവും വിതരണവും സാധാരണ നിലയില്‍ തിരിച്ചെത്താന്‍ കാലതാമസമെടുക്കും. വരും മാസങ്ങളിലെ പ്രകടനത്തെ ഈ സ്ഥിതിവിശേഷം ബാധിക്കാമെന്ന് കമ്പനി അറിയിച്ചു.
മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ ബിസിനസില്‍ നിന്ന് മാത്രം ടാറ്റ മോട്ടോര്‍സ് 20,046 കോടി രൂപയാണ് വരുമാനം കണ്ടെത്തിയത്. വളര്‍ച്ച 106 ശതമാനം. ഓരോ പാദത്തിലും കമ്പനിയുടെ വാണിജ്യ വാഹന വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുകയാണെന്ന് സിഇഓയും എംഡിയുമായ ഗന്തര്‍ ബൂഷെക്ക് പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ പലിശയ്ക്കും നികുതിയ്ക്കും മുന്‍പുള്ള കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 12.7 കോടി രൂപയാണ്. ഇക്കാലത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന 191.6 ശതമാനം വര്‍ധിച്ച് 79,600 യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ വാഹന വിപണിയിലെ മാര്‍ക്കറ്റ് വിഹിതം 8.2 ശതമാനമായി കമ്പനി ഉയര്‍ത്തിയതും കാണാം.