
ന്യൂഡല്‍ഹി: കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചില്ലറ വില്‍പ്പനയില്‍ 12.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ 6 ശതമാനം ഉയര്‍ന്നു. 2020-21 നാലാം പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീട്ടെയില്‍ വില്‍പ്പനയില്‍ 12.4 ശതമാനം വര്‍ധനവോടെ 1,23,483 യൂണിറ്റായിരുന്നു. തിങ്കളാഴ്ച ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ബിഎസ്ഇയില്‍ 5.62 ശതമാനം ഉയര്‍ന്ന് 302.70 രൂപയായി.
ഒരു ഘട്ടതില്‍ 6.24 ശതമാനം ഉയര്‍ന്ന് 304.50 രൂപയിലേക്ക് ഇത് എത്തിയിരുന്നു. എന്‍എസ്ഇയില്‍ ഇത് 5.68 ശതമാനം ഉയര്‍ന്ന് 302.85 രൂപയിലാണ് ക്ലോസ് ചെയ്തത്. ട്രേഡ് ചെയ്ത വോളിയം കണക്കനുസരിച്ച്, 78.13 ലക്ഷം ഓഹരികള്‍ ബിഎസ്ഇയിലും 11.68 കോടിയിലധികം ഷെയറുകള്‍ എന്‍എസ്ഇയിലുമാണ് വ്യാപാരം നടന്നത്. കോവിഡ് -19 ന്റെ ആഘാതത്തില്‍ നിന്ന് മികച്ച രീതിയില്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ജെഎല്‍ആര്‍, ചൈനയിലെ അവസാന പാദ വില്‍പന 127 ശതമാനം ഉയര്‍ന്നെന്നും വ്യക്തമാക്കുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കോവിഡ് വ്യാപനം വിപണിയെ സാരമായി ബാധിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലെ വില്‍പ്പനയും വര്‍ഷം തോറും (10.4 ശതമാനം) ഉയര്‍ന്നു. യുകെ 6.8 ശതമാനത്തിന്റെയും യൂറോപ്പില്‍ 4.9 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അധികൃതര്‍ വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജെഎല്‍ആറിന്റെ ആഗോള റീട്ടെയില്‍ വില്‍പന 4,39,588 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.6 ശതമാനം ഇടിവാണ് ആകെ ഉണ്ടായിരിക്കുന്നത്.
കോവിഡ് -19 പാന്‍ഡെമിക് ആഗോള വാഹന വ്യവസായത്തില്‍ നിരന്തരമായ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, സാമ്പത്തിക വര്‍ഷം അവസാനത്തോടെ വില്‍പനയില്‍ വര്‍ദ്ധനവുണ്ടായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ജെഎല്‍ആര്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഫെലിക്‌സ് ബ്രൗട്ടിഗാം അഭിപ്രായപ്പെട്ടത്.