
നോയിഡയിലെ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനും നിര്‍വ്വഹണത്തിനും മേല്‍നോട്ടം വഹിക്കാന്‍ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ, ടെര്‍മിനലുകള്‍, റോഡുകള്‍, യൂട്ടിലിറ്റികള്‍, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമുള്‍പ്പെട്ട കരാറിലാണ് ഈ സഹകരണം. ഗുണനിലവാരവും ചെലവും അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡത്തില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), ഷപൂര്‍ജി പല്ലോന്‍ജി എന്നിവയേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ടാറ്റ ഗ്രൂപ്പിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ വിഭാഗം കരാറിലേര്‍പ്പെട്ടത്.
ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള ഇപിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം കൃത്യസമയത്ത് എത്തിക്കുന്നതിന് ടാറ്റ പ്രോജക്ട്‌സ് വൈഐഎപിഎല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അതിന്റെ നിര്‍മ്മാണത്തില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വിന്യസിക്കുമെന്നും ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ പറഞ്ഞു.
നോയിഡ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രയാഗ്രാജ് (അലഹബാദ്) എയര്‍പോര്‍ട്ട് ടെര്‍മിനലിന് ശേഷം ടാറ്റ പ്രോജക്ട്സ് ഏറ്റെടുക്കുന്ന രണ്ടാമത്തെ വിമാനത്താവള പദ്ധതിയാണിത്. പുതിയ പാര്‍ലമെന്റ് കെട്ടിടം, മുംബൈ ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്ക്, ചരക്ക് ഇടനാഴികള്‍, മുംബൈ, പൂനെ, ഡല്‍ഹി, ലഖ്നൗ, അഹമ്മദാബാദ്, ചെന്നൈ എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളിലുടനീളം മെട്രോ റെയില്‍ ലൈനുകള്‍ എന്നിവ ടാറ്റ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, 2020 ഒക്ടോബര്‍ 7-നാണ് നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസനത്തിനായി കരാര്‍ ഒപ്പുവയ്ക്കുന്നത്.